എറണാകുളം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള നടപടി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്‌തത് 26 എഫ്‌ഐആറുകളാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതില്‍ 10 എണ്ണത്തില്‍ പ്രാഥമികാന്വേഷണം നടക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.
എട്ട് കേസുകളില്‍ മാത്രമാണ് പ്രതികളുടെ പേര് വിവരങ്ങള്‍ ഉള്ളത്. 18 എണ്ണത്തില്‍ ഇത്തരം വിവരങ്ങള്‍ ഒന്നും തന്നെയില്ല. കൂടാതെ, സിനിമാ മേഖലയിലെ നിയമനിർമ്മാണ കരട് തയ്യാറാണെന്നും സർക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, നിയമാനുസൃത അന്വേഷണവുമായി മുന്നോട്ടു പോകാൻ സർക്കാരിന് നിർദേശം നൽകിയ കോടതി ഹർജികൾ വീണ്ടും പരിഗണിക്കുന്നതിനായി നവംബർ ഏഴിലേക്ക് മാറ്റി.
അതിനിടെ ഹേമ കമ്മിറ്റി രൂപീകരണം ചോദ്യം ചെയ്‌തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ചില ചോദ്യങ്ങൾ ഉന്നയിച്ചു. ആറ് വര്‍ഷത്തിന് ശേഷം കമ്മിറ്റിയുടെ രൂപീകരണം ചോദ്യം ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനം എന്താണെന്ന് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. കമ്മിറ്റിയുടെ രൂപീകരണത്തെയല്ല, കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് ഭരണഘടനാസാധുതയില്ലെന്നതാണ് പ്രശ്‌നമെന്ന് ഹര്‍ജിക്കാരൻ ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഷൂട്ടിങ് ലൊക്കേഷനുകളിലെ മദ്യ-ലഹരി ഉപയോഗത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി പ്രത്യേക ബഞ്ച് കഴിഞ്ഞ ആഴ്‌ചയില്‍ നിർദേശം നൽകിയിരുന്നു. കേസ് എടുക്കാൻ സാധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നിയമം അനുശാസിക്കുന്ന തരത്തിലുള്ള നടപടികളുമായി പ്രത്യേക അന്വേഷണസംഘത്തിന് മുന്നോട്ടുപോകാമെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, കേസുമായി മുന്നോട്ട് പോകാൻ താല്‍പര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്നും അതിജീവിതകളുടെ പേര് ഒരു കാരണവശാലും പുറത്തുപോകരുതെന്നും അന്വേഷണസംഘത്തിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. പ്രഥമ വിവര റിപ്പോർട്ടിലും, പ്രാഥമിക അന്വേഷണ റിപ്പോർട്ടിലും അതിജീവിതകളുടെ പേര് മറയ്ക്കണം. എഫ്ഐആറിന്‍റെ പകർപ്പ് പരാതിക്കാർക്ക് മാത്രമേ നൽകാവൂയെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Read More: ലൊക്കേഷനുകളിലെ ലഹരി ഉപയോഗം; അന്വേഷണം നടത്താൻ നിര്‍ദേശം നല്‍കി ഹൈക്കോടതി