തിരുവനന്തപുരം : ഏപ്രില്‍ 26-ന് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം പോളിങ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് സ്ഥിരീകരിച്ചു. പോസ്‌റ്റല്‍ ബാലറ്റുകളും വീട്ടില്‍ വോട്ടും ഉള്‍പ്പെടെ കണക്കാക്കിയാണ് കമ്മിഷന്‍ ഇന്ന് അന്തിമ വോട്ടിങ് ശതമാനം പുറത്ത് വിട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ തൊട്ടടുത്ത ദിവസം പുറത്ത് വിട്ട കണക്ക് പ്രകാരം സംസ്ഥാനത്തെ പോളിങ് 71.16 ശതമാനമായിരുന്നു.
അന്തിമ കണക്ക് പുറത്തു വരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് വടകരയിലാണ്. 78.41 ശതമാനം. 11,14,950 വോട്ടർമാർ വടകരയിൽ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. 63.37 ശതമാനം. 14,29,700 വോട്ടർമാരിൽ 9,06,051 വോട്ടർമാർ മാത്രമാണ് പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്തിയത്.
അന്തിമ പോളിങ് ശതമാനം: സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടർമാരിൽ 1,97,77,478 പേരാണ് ഏപ്രിൽ 26-ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരിൽ 94,75,090 പേർ പുരുഷ വോട്ടർമാരും 1,03,02,238 പേർ സ്ത്രീ വോട്ടർമാരും 150 പേർ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടർമാരുമാണ്.

ആബ്‌സന്‍റി വോട്ടർ വിഭാഗത്തിൽ 1,80,865 വോട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തിൽ 41,904 പോസ്‌റ്റൽ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളിൽ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം.
85 വയസിന് മുകളിൽ പ്രായമായവർ, ഭിന്നശേഷി വോട്ടർമാർ, കൊവിഡ് ബാധിതർ, അവശ്യ സേവന വിഭാഗങ്ങളിലെ ജോലിക്കാർ എന്നിവരാണ് ആബ്‌സന്‍റി വോട്ടർ വിഭാഗത്തിൽ ഉൾപ്പെടുന്നത്. വീട്ടിൽ വോട്ട് രേഖപ്പെടുത്തിയവരും അവശ്യ സേവന വിഭാഗങ്ങൾക്കായി ഒരുക്കിയ വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലെത്തി (വിഎഫ്‌സി) വോട്ട് രേഖപ്പെടുത്തിയവരും ഇതിൽ ഉൾപ്പെടും.
ആബ്‌സന്‍റി വോട്ടർമാരുടെ മണ്ഡലം തിരിച്ചുള്ള കണക്ക് ഇങ്ങനെ :
- തിരുവനന്തപുരം-8006
- ആറ്റിങ്ങൽ-11883
- കൊല്ലം-8599
- ആലപ്പുഴ-11842
- മാവേലിക്കര-12049
- പത്തനംതിട്ട-12138
- കോട്ടയം-11965
- ഇടുക്കി-7728
- എറണാകുളം-5531
- ചാലക്കുടി-4339
- തൃശൂർ-9133
- മലപ്പുറം-6013
- പൊന്നാനി-5330
- പാലക്കാട്-7630
- ആലത്തൂർ-8936
- കോഴിക്കോട്-9524
- വടകര-10059
- വയനാട്-8100
- കണ്ണൂർ-12521
- കാസർകോട്-9539
പോസ്‌റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ എണ്ണം 41,904 ആണ്. വിഎഫ്‌സികളിൽ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണമാണിത്.
മണ്ഡലാടിസ്ഥാനത്തിലുളള തപാൽ വോട്ടുകളുടെ എണ്ണം ഇങ്ങനെ :
- തിരുവനന്തപുരം-3449
- ആറ്റിങ്ങൽ-2227
- കൊല്ലം-3468
- ആലപ്പുഴ-3162
- മാവേലിക്കര-3525
- പത്തനംതിട്ട-1918
- കോട്ടയം-2413
- ഇടുക്കി-1107
- എറണാകുളം-1185
- ചാലക്കുടി-1428
- തൃശൂർ-1931
- മലപ്പുറം-1007
- പൊന്നാനി-1117
- പാലക്കാട്-1668
- ആലത്തൂർ-1843
- കോഴിക്കോട്-2341
- വടകര-2800
- വയനാട്-1477
- കണ്ണൂർ-2384
- കാസർകോട്-1454
സൈനികർക്കുള്ള സർവീസ് വോട്ടിന് 57,849 സൈനികരാണ് ഇക്കുറി അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ 8277 വോട്ടർമാരാണ് ഏപ്രിൽ 27-വരെ വോട്ട് രേഖപ്പെടുത്തി അയച്ചിട്ടുള്ളത്. വോട്ടെണ്ണൽ തുടങ്ങുന്നത് വരെ സർവീസ് വോട്ട് സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ അറിയിച്ചു.