കോട്ടയം: കേരള കോൺഗ്രസിന്‍റെ അമരക്കാരനും മുൻ മന്ത്രിയുമായ കെഎം മാണി ഓര്‍മ്മയായിട്ട് ഇന്ന് അഞ്ച് വർഷം. പ്രായോഗിക രാഷ്ട്രീയത്തിന്‍റെ വക്താവും മുന്നണി രാഷ്ട്രീയത്തിലെ അവസാന വാക്കുമായിരുന്ന കെഎം മാണി കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു അദ്ദേഹം വിടവാങ്ങിയത്. കെഎം മാണി ഇല്ലാത്ത രണ്ടാമത്തെ ലോക്‌സഭ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. കോട്ടയത്തെ തിരുനക്കര മൈതാനത്ത് കെഎം മാണിയുടെ അഞ്ചാം ചരമവാർഷിക ദിനത്തോടനുബന്ധിച്ചുള്ള സ്‌മൃതി സംഗമം നടന്നു.
ആയിരങ്ങളാണ് സ്‌മൃതി സംഗമത്തിൽ പങ്കെടുത്തത്. പാർട്ടി ചെയർമാൻ ജോസ് മാണി തിരി തെളിയിച്ചു കെഎം മാണിയുടെ ഛായ ചിത്രത്തിൽ പുഷ്‌പ്പാര്‍ച്ചന നടത്തിയാണ് സ്‌മൃതി സംഗമത്തിന് തുടക്കമിട്ടത്. കെഎം മാണിയുടെ കല്ലറയിലും, തിരുനക്കര മൈതാനത്തുമായി വിപുലമായ പരിപാടികളാണ് കേരള കോൺഗ്രസ് (എം) ഒരുക്കിയത്. കെഎം മാണിയുടെ ഓർമകൾ പങ്കുവെച്ച് മകൻ ജോസ് കെ മാണി എംപിയും രംഗത്തെത്തി. അഞ്ചു വർഷം എത്ര വേഗമാണ് കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം മീനച്ചിൽ താലൂക്കിൽ കർഷക ദമ്പതികളായ മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്‌ക്കൽ തോമസ് മാണിയുടെയും, ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30-ന് ആണ് അദ്ദേഹം ജനിച്ചത്. ഒരേ മണ്ഡലത്തിൽ നിന്നും ഏറ്റവും കൂടുതൽ തവണ ജയിച്ച എംഎൽഎ (13 തവണ), ഏറ്റവും കൂടുതൽ കാലം മന്ത്രി സ്‌ഥാനം വഹിച്ച എംഎൽഎ (24 വർഷം), ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗം (12 തവണ), കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13 തവണ), ഏറ്റവും കൂടുതൽ കാലം ധനവകുപ്പും (11 വർഷം, 8 മാസം) നിയമവകുപ്പും (21 വർഷം, 2 മാസം) കൈകാര്യം ചെയ്‌ത മന്ത്രി തുടങ്ങിയവ കെഎം മാണി കേരള രാഷ്ട്രീയത്തിൽ സൃഷ്‌ടിച്ച റെക്കോർഡുകളാണ്. വിവിധ കാലഘട്ടങ്ങളിൽ മന്ത്രിയായി അദ്ദേഹം കൈകാര്യം ചെയ്യാത്ത വകുപ്പുകളും ചുരുക്കമാണ്.
2019 ഏപ്രില്‍ 9-ന് ആയിരുന്നു കെഎം മാണിയുടെ വിയോഗം. തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായിരിക്കുമ്പോഴാണ് കെഎം മാണിയുടെ വിടവാങ്ങൽ. അന്ന് കേരള കോൺഗ്രസ് യുഡിഎഫിൽ ആയിരുന്നു. മാണി മറഞ്ഞതോടെ അവസാനമായത് കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത ഒരു യുഗത്തിനായിരുന്നു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കെഎം മാണിയോളം സ്വാധീനമുള്ള മറ്റൊരു നേതാവ് ഉണ്ടായിട്ടില്ല എന്ന് എടുത്ത് പറയേണ്ടതുണ്ട്.