കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്. ജോസഫ് വിഭാഗത്തിന്‍റെ ഡെപ്യൂട്ടി ചെയര്‍മാനായ ഫ്രാന്‍സിസ് ജോര്‍ജാണ് ഇത്തവണ കോട്ടയം മണ്ഡലത്തില്‍ യുഡിഎഫിന് വേണ്ടി മത്സരത്തിനിറങ്ങുക. ഇടതു പക്ഷത്ത് സിറ്റിങ് എംപിയായ തോമസ് ചാഴികാടനാണ് ഫ്രാന്‍സിസിന്‍റെ എതിരാളി.
കേരള കോൺഗ്രസ് പാര്‍ട്ടി ചെയര്‍മാനായ പിജെ ജോസഫാണ് വാര്‍ത്ത സമ്മേളനത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഫ്രാന്‍സിസ് ജോർജ് തന്നെ മണ്ഡലത്തില്‍ നിന്നും മത്സരിക്കണമെന്നായിരുന്നു കോണ്‍ഗ്രസും മുന്നോട്ട് വച്ച ആവശ്യം. മണ്ഡലത്തില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജ് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പിജെ ജോസഫ് പറഞ്ഞു.
നിലവിലെ സര്‍ക്കാരുകളുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഫ്രാന്‍സിസ് ജോര്‍ജിന് വിജയ സാധ്യത കൂടുതലാണെന്നും പിജെ ജോസഫ് പറഞ്ഞു. എല്ലാവരുടെയും കൂട്ടായ തീരുമാന പ്രകാരമാണ് ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയായ പ്രഖ്യാപിച്ചത്. ചിഹ്നത്തിന്‍റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പിജെ ജോസഫ് പറഞ്ഞു. കൂടാതെ ഫ്രാന്‍സിസ് ജോര്‍ജിന്‍റെ ഫോട്ടോ അടക്കം ഉള്‍പ്പെടുത്തിയിട്ടുള്ള ബ്രേഷറും പ്രകാശനം ചെയ്‌തു.
ഐക്യ ജനാധിപത്യ മുന്നണിയ്‌ക്ക് വേണ്ടി കോട്ടയം ലോക്‌സഭ മണ്ഡലം വീണ്ടെടുക്കുകയെന്ന ദൗത്യമാണ് താന്‍ സന്തോഷപൂര്‍വ്വം ഏറ്റെടുത്തിരിക്കുന്നതെന്ന് സ്ഥാനാര്‍ഥിത്വം ഏറ്റെടുത്തതിന് പിന്നാലെ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. നേരത്തെ അഞ്ച് തവണ ഇടുക്കി മണ്ഡലത്തില്‍ നിന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിരുന്നു. അതില്‍ രണ്ട് തവണ വിജയിക്കുകയും ചെയ്‌തിരുന്നു. ഇടുക്കി, എറണാകുളം ജില്ലകളുടെ മാതൃ ജില്ലയായിട്ടാണ് താൻ കോട്ടയം ലോക്‌സഭ മണ്ഡലത്തെ കണക്കാക്കുന്നതെന്നും കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പില്‍ ചർച്ചയാകുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
കാര്‍ഷിക മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കും. പ്രത്യേകിച്ചും കോട്ടയത്തെ പ്രധാന കൃഷിയായ റബ്ബറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ റബ്ബര്‍ കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണ്. അതിനെതിരെയുള്ള പോരാട്ടം തുടരുമെന്നും കേരള കോണ്‍ഗ്രസിന്‍റെ പാരമ്പര്യം നിലനിര്‍ത്തി കൊണ്ട് പ്രവര്‍ത്തിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
പ്രചാരണം തുടങ്ങി എല്‍ഡിഎഫ്: കോട്ടയം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനായി പാര്‍ട്ടി പ്രചാരണം തുടങ്ങി. സ്വകാര്യ സന്ദശനങ്ങളിലൂടെയും ചടങ്ങുകളില്‍ പങ്കെടുത്തുമാണ് പാര്‍ട്ടി പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച ചാഴികാടന്‍ കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റത്തിലൂടെ എല്‍ഡിഎഫിന്‍റെ ഭാഗമാകുകയായിരുന്നു.