തിരുവനന്തപുരം : നികുതി പിരിവിലൂടെ വരുമാനം വര്‍ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെഎൻ ബാലഗോപാല്‍. സംസ്ഥാനത്ത് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ വര്‍ധിപ്പിച്ചു. 1.2 പൈസയില്‍ നിന്നും യൂണിറ്റിന് 15 പൈസയായാണ് വര്‍ധിപ്പിച്ചത്. ഇതിലൂടെ 24 കോടിയുടെ വരുമാനമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.
ഭൂമിയുടെ ന്യായവില പരിഷ്‌കരിക്കുമെന്നും പാട്ടക്കുടിശ്ശിക പിരിച്ചെടുക്കാന്‍ 'ആംനസ്റ്റി സ്കീം' നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. 2010ന് ശേഷം സംസ്ഥാനത്ത് ഭൂമി വില ഉയര്‍ന്നു. ഇത് അനുസരിച്ചായിരിക്കും പരിഷ്‌കരണം കൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതി ഫീസ് ഇനത്തിലും പരിഷ്‌കാരം കൊണ്ടുവരുന്നുണ്ട്. ഇതിലൂടെ 50 കോടിയുടെ വരുമാനം നേടാനാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. മോട്ടോര്‍ വാഹന നിരക്കുകളും പരിഷ്‌കരിക്കുമെന്ന് മന്ത്രി അറിയിച്ചു.
വിവിധ വകുപ്പുകളിലുള്ള ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യും. ഇതിലൂടെ, 200 കോടിയുടെ അധിക ധനസമാഹരണമാണ് പ്രതീക്ഷിക്കുന്നത്. ഗാല്‍വനേജ് ഫീസ് ഇനത്തിലും 200 കോടിയുടെ വരുമാനം സമാഹരിക്കാനും നടപടികള്‍ സ്വീകരിക്കും.
ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷന്‍ നിരക്ക് കുറയ്‌ക്കും. മറ്റ് സംസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌ത് കേരളത്തില്‍ സര്‍വീസ് നടത്തുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. നദികളിലെ മണല്‍വാരലും പുനരാരംഭിക്കുന്നുണ്ട്. ഇതിലൂടെ 200 കോടിയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.