തിരുവനന്തപുരം : വനം വന്യജീവി മേഖലയ്‌ക്കായി 2024-25 സാമ്പത്തിക വര്‍ഷം 232.59 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍. ജൈവ വൈവിധ്യ സംരക്ഷണത്തിനായി 5.97 കോടിയാണ് സംസ്ഥാന ബജറ്റില്‍ നിര്‍ണയിച്ചിരിക്കുന്നത്. മനുഷ്യ വന്യമൃഗ സംഘര്‍ഷങ്ങളുടെ ലഘൂകരണം, വനമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ സംരക്ഷണം, കാലാവസ്ഥ വ്യതിയാനത്തിനെതിരെ വനമേഖലയെ പ്രയോജനപ്പെടുത്തുക എന്നീ വിഷയങ്ങള്‍ക്കാണ് വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഊന്നല്‍ നല്‍കുന്നതെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തേത് പോലെ ഇപ്രാവശ്യവും മനുഷ്യ വന്യമൃഗ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി പദ്ധതി വിഹിതം നീക്കിവച്ചിട്ടുണ്ട്. 48.45 കോടിയാണ് 2024-25 സാമ്പത്തിക വര്‍ഷത്തിലേക്ക് ഇതിനായി മാറ്റി വച്ചിരിക്കുന്നത്.
തൃശൂര്‍ പുത്തൂരിലെ സുവേളജിക്കല്‍ പാര്‍ക്കിനെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കിഫ്‌ബി ഫണ്ട് ഉള്‍പ്പടെ 204.25 കോടി ഇതുവരെ വിനിയോഗിച്ചിട്ടുണ്ട്. ഇതിന്‍റെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് കോടിയാണ് ഇത്തവണ വകയിരുത്തിയത്. തളിപ്പറമ്പ് നാടുകാണിയില്‍ വിപുലമായ സഫാരി പാര്‍ക്ക് സജ്ജമാക്കും.
പദ്ധതിയുടെ പ്രാഥമിക ചെലവിന് രണ്ട് കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. 300 കോടിയുടെ നിക്ഷേപമാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. കോഴിക്കോട് വനം ഡിവിഷനിലെ പെരുവണ്ണാമൂഴി റേഞ്ചിലെ മുതുകാടുള്ള 120 ഹെക്‌ടര്‍ സ്ഥലത്ത് ടൈഗര്‍ സഫാരി പാര്‍ക്ക് ആരംഭിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഉടനീളം സംഘടിപ്പിച്ച വനസൗഹൃദ സദസില്‍ നിന്നും 4797 പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതില്‍ 4311 എണ്ണം പരിഹരിച്ച് അര്‍ഹരായവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുകയും ചെയ്‌തുവെന്നും മന്ത്രി, സഭയെ അറിയിച്ചു. നവകിരണം പദ്ധതിയിലൂടെ 93.60 കോടി നല്‍കി പട്ടിക വര്‍ഗക്കാരല്ലാത്ത 780 കുടുംബങ്ങളെ വനമേഖലയില്‍ നിന്നും മാറ്റി പാര്‍പ്പിക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.