കാസർകോട്: വെളിച്ചെണ്ണ വ്യവസായം അബ്ബാസിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. ഓയിലിൻ്റെ വരവിൽ വെളിച്ചെണ്ണ വ്യവസായം നഷ്‌ടത്തിലേക്ക് വീണു. എന്നാല്‍ ഗുണമേന്മ ഉറപ്പ് വരുത്തിയതോടെ കല്ലട്രാസ് ക്രിസ്റ്റൽ കോക്കനട്ട് ഓയിൽ എന്ന തന്‍റെ ഉത്പന്നത്തിനൊപ്പം ഉപഭോക്താക്കൾ നിന്നുവെന്നാണ് അബ്ബാസ് സാക്ഷ്യപ്പെടുത്തുന്നത്.
നിർമാണമേഖലയിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന തന്‍റെ ഉത്പന്നത്തിന് കേരള സംസ്ഥാനത്തിൻ്റെ ബ്രാൻഡ് പദവി ലഭിച്ചിതിന്‍റെ സന്തോഷം പങ്കുവയ്‌ക്കുകയാണിപ്പോള്‍ അബ്ബാസ്. വിപണിയിൽ പലവിധ പേരുകളിൽ വെളിച്ചെണ്ണ വിൽപന വ്യാപകമാകുമ്പോഴാണ് 30 വർഷത്തെ അനുഭവകരുത്തുള്ള സംരംഭത്തിന് കേരള ബ്രാൻഡ് എന്ന അംഗീകാരം ലഭിക്കുന്നത്. കാസർകോട് ഉദുമ വെടിക്കുന്നിൽ നിന്നും ഉത്പാദനം നടത്തുന്ന കല്ലട്രാസ് ക്രിസ്റ്റൽ കോക്കനട്ട് ഓയിൽ ഇനി കേരളത്തിലും വിദേശത്തും ബ്രാൻഡഡ് ഉത്പന്നമായി വിപണിയിലെത്തും.
1992 മുതൽ കല്ലട്ര ഓയിൽമിൽ വെളിച്ചെണ്ണ നിർമാണം ആരംഭിച്ചത്. കെ എം അബ്ബാസ്, മാഹിൻ അർഷാദ് എന്നിവരാണ് ഈ സംരംഭത്തിൻ്റെ ഉടമസ്ഥർ. പിന്നീട് കെ എം അബ്ബാസ് പൂർണമായും വെളിച്ചെണ്ണ വ്യവസായത്തിലേക്ക് നീങ്ങി. സ്വന്തമായുള്ള ഭൂമിയിൽ നിന്നും കൊപ്ര സംരംഭങ്ങളിൽ നിന്നും തേങ്ങ ഉപയോഗിച്ച് ഗ്രേഡ് ഒന്ന് കൊപ്ര ആട്ടിയാണ് കല്ലട്രാസ് ക്രിസ്റ്റൽ കോക്കനട്ട് ഓയിൽ എന്ന പേരിൽ വിപണിയിലെത്തിക്കുന്നത്.
രണ്ട് പ്രാവശ്യമുള്ള ശുദ്ധീകരണം, പൂർണമായും യന്ത്രസഹായത്തോടെയുള്ള പാക്കിങ് എന്നിവ ഇവരുടെ സവിശേഷതയാണ്. പുല്ലൂരിലെ ലാബിൽ ഗുണമേന്മ പരിശോധന നടത്തിയാണ് ഉത്പന്നം വിപണിയിലെത്തിക്കുന്നത്. ഭക്ഷ്യസുരക്ഷ, അഗ്‌മാർക്ക്, ഐ.എസ്.ഒ. 9001: 2015 തുടങ്ങിയ അംഗീകാരങ്ങളും ഇതിനകം ലഭിച്ചിട്ടുണ്ട്.
200 ക്വിൻ്റൽ കൊപ്രയാട്ടാനുള്ള യന്ത്രസംവിധാനം നിലവിൽ ഇവിടെയുണ്ട്. കേരള ബ്രാൻഡ് അംഗീകാരം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് കെ എം അബ്ബാസ് പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ് ആണ് കേരള ബ്രാൻഡ് പ്രഖ്യാപിച്ചത്. ആറ് വെളിച്ചെണ്ണ ഉത്പാദകർക്കാണ് ബ്രാൻഡ് സർട്ടിഫിക്കേഷൻ നൽകിയത്. ഗുണനിലവാരം, നൈതിക ഉത്പാദനം എന്നിവ ആധാരമാക്കിയാണ് മെയ്‌ഡ് ഇൻ കേരള ബ്രാൻഡിങ്ങിനായി സംരംഭങ്ങൾ തെരഞ്ഞെടുത്തത്.
സംരംഭകരുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും വിപണി വിപുലീകരിക്കുന്നതിനുമായിട്ടാണ് ബ്രാൻഡ് സർട്ടിഫിക്കറ്റ് നൽകുന്നത്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ചെയർമാനായ കമ്മിറ്റിയാണ് പൊതുവായ ഗുണനിലവാര സൂചികകൾ, മികച്ച അസംസ്‌കൃത വസ്‌തുക്കളുടെ ഉപയോഗം, ഗുണമേൻമാ സവിശേഷതകൾ, ധാർമിക ഉത്തരവാദിത്വ വ്യവസായം എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കി സംരംഭങ്ങളെ തെരഞ്ഞെടുക്കുന്നതും സർട്ടിഫിക്കേഷനായി നിർദേശിക്കുന്നതും.
Also Read: ക്വിൽ ഫ്രൂട്ട് വാൾ 60 കോടി രൂപയുടെ നിക്ഷേപം; കൃഷിയുടെ പുതിയ മുഖം തുറന്ന് മിർ ഖുറാം ഷാഫി