ഇടുക്കി: ബാർകോഴ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇടുക്കി അണക്കര സ്പൈസ് ഗ്രോവ് ബാർ ഉടമ അരവിന്ദാക്ഷൻ്റെ മൊഴി രേഖപ്പെടുത്തി. അനിമോന്‍റെ ശബ്‌ദ സന്ദേശത്തിൽ സ്പൈസ് ഗ്രോവ് ഹോട്ടൽ രണ്ടര ലക്ഷം രൂപ നൽകിയെന്ന വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. പണം നൽകിയിട്ടില്ലെന്നും പണം നൽകാൻ നിർദ്ദേശം ഉണ്ടായിരുന്നില്ലെന്നും അരവിന്ദാക്ഷൻ മൊഴി നൽകി.
അതേസമയം കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് മുമ്പ് പണം നൽകിയതായും അരവിന്ദാക്ഷൻ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. ബാർകോഴ വിവാദവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ ബാറ് ഉടമകളുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ച ഓഡിയോ സന്ദേശത്തിൽ അനിമോന്, അണക്കര സ്പൈസസ് ഗ്രോബ് ഹോട്ടലിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ രണ്ടര ലക്ഷം രൂപ നൽകിയെന്ന പരാമർശം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്ന് ഇടുക്കിയിലെത്തി അരവിന്ദാക്ഷൻ മൊഴി രേഖപ്പെടുത്തിയത്.
നെടുങ്കണ്ടത്തെ എലഗൻസ് ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയായിരുന്നു മൊഴിയെടുക്കൽ. പ്രധാനമായും പണം നൽകിയോ എന്നതിനെ സംബന്ധിച്ചായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യൽ. എന്നാൽ തന്നോടാരും പണം ആവശ്യപ്പെട്ടിട്ടില്ല എന്നും രണ്ടര ലക്ഷം രൂപ നൽകിയിട്ടില്ലെന്നും അരവിന്ദാക്ഷൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. അതേസമയം മുൻപ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പണം നൽകിയതായും അരവിന്ദാക്ഷൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ട്.
മൊഴി രേഖപ്പെടുത്തിയതിനു ശേഷം പുറത്തെത്തിയ ക്രൈംബ്രാഞ്ച് സംഘം പ്രതികരിച്ചില്ല. ഇതോടൊപ്പം തന്നെ ഓഡിയോ സന്ദേശം പ്രചരിച്ച വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെയും മൊഴി കൂടി രേഖപ്പെടുത്തുമെന്നാണ് സൂചന.
Also Read: ബാർ കോഴ ആരോപണം; അനിമോനെ ചോദ്യം ചെയ്‌ത് ക്രൈംബ്രാഞ്ച്