തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേടില്‍ സ്വതന്ത്ര ഏജന്‍സിയുടെ സമഗ്രാന്വേഷണം വേണമെന്ന് കേരള നിയമസഭ ഐക്യകണ്‌ഠേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സഭ ചട്ടം 130 അനുസരിച്ച് ഭരണപക്ഷ അംഗമായ എം വിജിന്‍ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം അനുകൂലിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരിനുമെതിരെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ രൂക്ഷ വിമര്‍ശമനുയര്‍ത്തി.
അധികാര കേന്ദ്രങ്ങളിലെ ഉന്നതരും വന്‍കിട ട്യൂഷന്‍ സെന്‍ററുകളും ഒരുമിച്ച് നടത്തിയ കുംഭകോണമാണ് നീറ്റ് പരീക്ഷ തട്ടിപ്പെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് വിജിന്‍ പറഞ്ഞു. ലക്ഷങ്ങള്‍ മുടക്കാന്‍ താത്പര്യമുള്ള രക്ഷിതാക്കളോടും വിദ്യാര്‍ഥികളോടും ഒഴിഞ്ഞ പേപ്പര്‍ മേശപ്പുറത്ത് വെച്ച് മടങ്ങാനാണ് ഈ മാഫിയ സംഘം നിര്‍ദേശിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വരുന്ന അന്ന് തന്നെ നീറ്റ് പരീക്ഷ റിസള്‍ട്ടും പുറത്ത് വിട്ടത് തട്ടിപ്പില്‍ നിന്ന് ശ്രദ്ധ തിരിക്കാനായിരു എന്നും വിജിന്‍ ആരോപിച്ചു.
സംഭവത്തിലെ യഥാര്‍ത്ഥ ഉത്തരവാദി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രദാനാണെന്നും അദ്ദേഹം രാജിവെക്കും വരെ പ്രതിപക്ഷം പാര്‍ലമെന്‍റില്‍ നിരന്തരം ഈ വിഷയം ഉന്നയിക്കണമെന്നും പ്രതിപക്ഷാംഗം ഡോ.എം.കെ മുനീര്‍ ആവശ്യപ്പെട്ടു. ദേശീയ തലത്തിലെ പ്രവേശന പരീക്ഷകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഏറ്റെടുത്ത് നടത്തുന്ന രണ്ട് ദേശീയ പരീക്ഷകളുമായി ബന്ധപ്പെട്ട് ഉണ്ടായ വ്യാപക ക്രമക്കേടുകള്‍ ഞെട്ടിക്കുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദുവും പറഞ്ഞു.