തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം സഭ നിർത്തിവച്ച് ചർച്ച ചെയ്യാനാവശ്യപ്പെട്ട് നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിമാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ജാഗ്രത കലണ്ടർ അനുസരിച്ചാണ് ആരോഗ്യ വകുപ്പിന്‍റെ പ്രവർത്തനമെന്നും എല്ലാ മാസവും മന്ത്രിതലത്തിൽ വിലയിരുത്തൽ നടത്തുന്നുവെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് മറുപടി നൽകി. ജനുവരിയിൽ കലക്‌ടർമാരുടെ നേതൃത്വത്തിൽ അതാത് ജില്ലകളിൽ യോഗം ചേർന്നു. തദ്ദേശ വകുപ്പിന്‍റെ നേതൃത്വത്തിൽ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കുകയും പ്രദേശികമായി ഡെങ്കി ഹോട്‌സ്‌പോട്ടുകൾ കണ്ടെത്തുകയും ചെയ്‌തിരുന്നു.
2023ൽ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ, കഴിഞ്ഞ വർഷം കേരളത്തിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി മരണമുണ്ടായതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരിച്ചടിച്ചു. 12 കോടി രൂപ പ്ലാൻ ഫണ്ടിൽ നിന്നും സാംക്രമിക രോഗ നിയന്ത്രണത്തിനായി നൽകിയിട്ടുണ്ടെന്നും ഇതിൽ 0.08 ശതമാനമാണ് ഇതുവരെ ചിലവാക്കിയതെന്നും അദ്ദേഹം വിമർശിച്ചു.
കേട്ടിട്ട് പോലുമില്ലാത്ത ഏത് രോഗവുമുണ്ടാകുന്ന സ്ഥലമായി കേരളം മാറി. 2024ൽ ഇതുവരെ 8000ത്തോളം പേർക്ക് ഡെങ്കി വന്നു. ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ കൃത്യമായ കണക്ക് സർക്കാരിന്‍റെ പക്കലില്ല.
മഴക്കാലപൂർവ്വ ശുചീകരണം പൂർണമായി പരാജയപ്പെട്ടത് കഴിഞ്ഞ 10 വർഷത്തിനിടയിൽ ഈ വർഷമാണ്. മീറ്റിങ്ങുകൾ നടത്തിയതിന്‍റെ കണക്ക് പറയണ്ട. ഒരു രാത്രി മഴ പെയ്‌താൽ തിരുവനന്തപുരം നഗരം വെള്ളത്തിനടിയിലാണ്. തലസ്ഥാനത്ത് 10 ദിവസമായി വെള്ളം കെട്ടി കിടക്കുന്ന സ്ഥലങ്ങളുണ്ട്.
തെരഞ്ഞെടുപ്പ് കാലത്ത് മഴക്കാലപൂർവ ശുചീകരണം നടക്കില്ലെന്ന് എല്ലാവർക്കും അറിയാം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനം നടന്നില്ല. യോഗം നേരത്തെ ചേർന്നില്ലെന്നും വാക്ക് ഔട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.