തൃശൂർ : നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു. 82 വയസായിരുന്നു. വാർധക്യാവശതകളെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. തൃശൂർ ഒല്ലൂർ പി ആർ പടി സ്വദേശിയാണ് കേളത്ത് അരവിന്ദാക്ഷൻ മാരാർ.
തൃശൂർ പൂരത്തിന് ഇലഞ്ഞിത്തറയിലും, പെരുവനം, ആറാട്ടുപുഴ, തൃപ്പൂണിത്തുറ, കൂടൽമാണിക്യം തുടങ്ങി കേരളത്തിലെ പ്രമുഖ മേളങ്ങളിലെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു കേളത്ത് അരവിന്ദാക്ഷ മാരാർ. 2021ലെ തൃശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിലാണ് അവസാനമായി പങ്കെടുത്തത്. പ്രമാണിയായില്ലെങ്കിലും അത്രത്തോളം തലയെടുപ്പുണ്ടായിരുന്നു 45 വർഷക്കാലം പൂരം കൊട്ടിക്കയറിയ കേളത്തിന്.
ഇലഞ്ഞിത്തറയിൽ പെരുവനത്തിന്‍റെ വലത്ത് എപ്പോഴും ചിരിച്ച് കൊട്ടിക്കയറുന്ന കേളത്തിന്‍റെ ശൈലിക്ക് ആരവം മുഴക്കാൻ പതിനായിരങ്ങളാണ് എത്തുക പതിവ്. ആദ്യം പതിമൂന്ന് വർഷക്കാലം പാറമേക്കാവിലും പിന്നീട് ഒമ്പത് വർഷം തിരുവമ്പാടിയിലും തിരിച്ച് പാറമേക്കാവിൽ തുടർച്ചയായി 23 വർഷവും കൊട്ടിക്കയറിയ പ്രതിഭയാണ് കേളത്ത്.
കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം, തൃപ്രയാർ വാദ്യകലാ ആസ്വാദക സമിതിയുടെ 2019 ലെ ശ്രീരാമപാദ സുവർണമുദ്ര, കലാചാര്യ, വാദ്യമിത്ര, ധന്വന്തരി പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Also Read: ആരവങ്ങളൊഴിഞ്ഞ് ഇലഞ്ഞിച്ചുവട്, താളത്തിരമാലയില്‍ മേള ഗോപുരം തീർത്ത് പെരുവനം