തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ ശക്തമായ താക്കീതുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. പൊതുജനങ്ങള്‍ നമ്മുടെ യജമാനന്മാരാണെന്നും അവരോട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറിയേ മതിയാകൂവെന്നും മന്ത്രി പറഞ്ഞു. സമീപകാലത്ത് മന്ത്രിയെന്ന നിലയില്‍ താന്‍ ചില ആര്‍ടി ഓഫിസുകളിലും ജോയിന്‍റ് ആര്‍ടി ഓഫിസുകളിലും മിന്നല്‍ പരിശോധന നടത്തിയപ്പോഴാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അങ്ങേയറ്റം മോശമാണെന്ന് മനസിലായത്.
പൊതുജനങ്ങള്‍ എന്തെങ്കിലും ചോദ്യമുന്നയിക്കുകയോ സംശയം ചോദിക്കുകയോ ചെയ്‌താല്‍ ഈ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് കയര്‍ത്ത് സംസാരിക്കുകയാണ്. ഇത്തരം ഭാഷ ഒരു കാരണവശാലും പൊതുജനങ്ങളോട് ഉപയോഗിക്കരുതെന്ന് മന്ത്രിയെന്ന നിലയില്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു, കാരണം ജനങ്ങളാണ് യജമാനന്മാര്‍. അവര്‍ നല്‍കുന്ന നികുതിയില്‍ നിന്നാണ് നമ്മള്‍ ശമ്പളം വാങ്ങുന്നത്. അതുകൊണ്ട് മര്യാദയോടെയും മാന്യതയോടെയും ജനങ്ങളോട് പെരുമാറണം.
പാലക്കാട് ജില്ലയിലെ ഒരു ആര്‍ടി ഓഫിസില്‍ താന്‍ അടുത്തയിടെ പരിശോധനയ്ക്ക് പോയി. അവിടെ ലൈസന്‍സ് കിട്ടാന്‍ വൈകിയതിന്‍റെ വിഷമത്തില്‍ സംസാരിക്കുന്ന ഒരാളോട് ആര്‍ടി ഓഫിസിലെ ഫ്രണ്ട് ഓഫിസ് പിആര്‍ഒ മന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ വളരെ മോശമായി പെരുമാറുകയാണ്. ജനങ്ങള്‍ വന്ന് വിഷമം പറയുമ്പോള്‍ അവരോട് തര്‍ക്കിച്ചും കയര്‍ത്തും സംസാരിക്കരുത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
യൂണിഫോം ഇടുന്ന ഒരു ഫോഴ്‌സ് ആണെന്ന് കരുതി പൊലീസ് ആണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ധരിക്കരുത്. സ്ത്രീകളോടും കുട്ടികളോടും അംഗപരിമിതരോടും അങ്ങേയറ്റം മാന്യതയോടെയും സംയമനത്തോടെയും മാത്രമെ പെരുമാറാന്‍ പാടുള്ളൂ. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല. ജനങ്ങളെ അകാരണമായി ആര്‍ടി ഓഫിസുകളില്‍ കയറ്റിയിറക്കരുത്.
അകാരണമായി നാളെ വരൂ, മറ്റന്നാള്‍ വരൂവെന്ന് പറഞ്ഞ് വിടുന്നവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. മാത്രമല്ല, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവ് പ്രകാരം ഒരു ഫയല്‍ തീര്‍പ്പാക്കാതെ 5 ദിവസത്തിലധികം കയ്യില്‍ വച്ചിരുന്നാല്‍ ആ ഉദ്യോഗസ്ഥനെ അവിടെ നിന്നും സ്ഥലം മാറ്റുമെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.
ഒരു ഉദ്യോഗസ്ഥന് ഒരു ഫയലില്‍ യെസ് അല്ലെങ്കില്‍ നോ എന്ന് തീരുമാനമെടുക്കാന്‍ ഒരു മണിക്കൂറിന്‍റെ സമയം പോലും ആവശ്യമില്ല. അഞ്ച് ദിവസത്തിലധികം ഫയല്‍ പിടിച്ചു വയ്ക്കുന്ന ഉദ്യോഗസ്ഥയ്‌ക്കോ ഉദ്യോഗസ്ഥനോ എതിരെ ഇനി വിജിലന്‍സ് പരിശോധനയുണ്ടാകും. ഇതെല്ലാം സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവുണ്ടെങ്കിലും പലരും കണ്ടില്ലെന്ന് നടിക്കുകയാണ്. അതുകൊണ്ടാണ് താന്‍ തന്നെ നേരിട്ടു വന്ന് ഇക്കാര്യം പറയുന്നതെന്നും മന്ത്രി എന്ന നിലയിലുള്ള തന്‍റെ സ്‌നേഹപൂര്‍വമായ അഭ്യര്‍ഥനയാണെന്നും ഗതാഗത മന്ത്രിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ മന്ത്രി അഭ്യര്‍ഥിച്ചു.
Also Read: തലശേരി-മാഹി ബൈപാസില്‍ അറ്റകുറ്റപ്പണി; പാതയില്‍ ഗതാഗത നിയന്ത്രണം