ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതക കേസിലെ മൂന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കക്കാട്ടുകടയിൽ താമസിച്ചിരുന്ന വിജയന്‍ കൊല്ലപ്പെട്ട കേസില്‍ വിജയന്‍റെ ഭാര്യയാണ് അറസ്റ്റിലായത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇന്നാണ് (മാര്‍ച്ച് 25) അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
അന്വേഷണത്തിന്‍റെ ആദ്യഘട്ടം മുതൽ വിജയന്‍റെ ഭാര്യ പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നെങ്കിലും ഇവരുടെ മാനസിക നിലതെറ്റിയതിനെ തുടർന്ന് ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കൗൺസിലിങ് നൽകി ആരോഗ്യം വീണ്ടെടുത്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. വിജയനെ കൊന്ന് കുഴിച്ചു മൂടുവാൻ ഭാര്യയും കൂട്ട് നിന്നതിനാണ് കേസിൽ മൂന്നാം പ്രതിയായി ചേർക്കപ്പെട്ടത്.
2023 ലാണ് കേസിനാസ്‌പദമായ സംഭവം. വാക്ക് തർക്കത്തിനൊടുവിൽ ഭർത്താവ് വിജയനെ ഇവരുടെ ഒപ്പം കഴിഞ്ഞിരുന്ന പുത്തൻപുരക്കൽ നിതീഷ് ചുറ്റിക കൊണ്ട് തലയ്‌ക്ക് അടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ഇവർ താമസിച്ചിരുന്ന കക്കാട്ടുകടയിലെ വാടക വീടിന്‍റെ തറ പൊളിച്ചു മൃതദേഹം മറവ് ചെയ്യുകയായിരുന്നു. മാർച്ച് 2ന് കട്ടപ്പനയിൽ വർക് ഷോപ്പിൽ നടന്ന മോഷണ കേസിന്‍റെ തുടരന്വേഷണത്തിലാണ് നാടിനെ നടുക്കിയ ഇരട്ടകൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.
2016ൽ വിജയന്‍റെ മകൾക്കുണ്ടായ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണ് മറ്റൊരു കേസ്. ഈ കേസിൽ നിതീഷ് ഒന്നാം പ്രതിയും കൊല്ലപ്പെട്ട വിജയൻ രണ്ടാം പ്രതിയുമാണ്. വിജയനെ കൊലപ്പെടുത്തിയ കേസിൽ മകൻ വിഷ്‌ണുവാണ് രണ്ടാം പ്രതി. കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്ന കേസിലും ഇയാൾക്ക് പങ്കുണ്ട്. കേസിന്‍റെ തുടരന്വേഷണത്തിന് ആവശ്യമെങ്കിൽ മൂന്ന് പേരെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എൻ.സുരേഷ്‌കുമാർ പറഞ്ഞു. നിതീഷിനെതിരെ കൊലക്കുറ്റങ്ങൾക്ക് പുറമെ മറ്റ് മൂന്ന് കേസുകളും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.