ഇടുക്കി : കട്ടപ്പന ഇരട്ട കൊലപാതക കേസിൽ കൊല്ലപ്പെട്ട വിജയന്‍റെ മൃതദേഹാവശിഷ്‌ടം സംസ്‌കരിച്ചു. ശവസംസ്‌കാര ചടങ്ങുകൾ വിജയന്‍റെ മകനും കേസിലെ പ്രതിയുമായ വിഷ്‌ണു പൊലീസ് സാന്നിധ്യത്തിൽ നിർവഹിച്ചു. കട്ടപ്പന പൊതുശ്‌മശാനത്തിൽ ചടങ്ങുകളോടെയായിരുന്നു സംസ്‍കാരം.
2023 ഓഗസ്റ്റിലാണ് വിജയന്‍ കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ വിജയനെ മുഖ്യപ്രതി കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ പി ആര്‍ നിതീഷ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വീടിന്‍റെ തറ പൊളിച്ച് മറവ് ചെയ്‌തു.
വാടകവീട്ടില്‍ നിന്ന് പുറത്തെടുത്ത നെല്ലിപ്പള്ളില്‍ വിജയന്‍റെ അസ്ഥികൾ കട്ടപ്പന ശാന്തിതീരം പൊതുശ്‌മശാനത്തിലാണ് സംസ്‌കരിച്ചത്. ഇരട്ടക്കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞതിനു പിന്നാലെ മാര്‍ച്ച് 10 ന് കക്കാട്ടുകടയിലെ വാടക വീടിന്‍റെ തറ കുഴിച്ച് വിജയന്‍റെ മൃതദേഹാവശിഷ്‌ടങ്ങള്‍ പൊലീസ് പുറത്തെടുത്തിരുന്നു.
2016 ജൂലൈയില്‍ ആണ് മറ്റൊരു കൊലപാതകം നടന്നത്. മുഖ്യപ്രതി നിതീഷിന് കൊല്ലപ്പെട്ട വിജയന്‍റെ മകളുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിലുണ്ടായ ആൺകുട്ടിയെ, ജനിച്ച് ഏതാനും ദിവസങ്ങൾക്കകം കൊല്ലുകയായിരുന്നു. നിതീഷാണ് കുഞ്ഞിനെ തുണികൊണ്ട് ശ്വാസംമുട്ടിച്ച് കൊന്നത്. കുഞ്ഞിനെ സാഗര ജങ്ഷന് സമീപമുള്ള വിജയന്‍റെ വീട്ടിൽ കുഴിച്ചിട്ടുവെന്ന് നിതീഷ് മൊഴി നൽകിയിരുന്നു. എന്നാൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Also Read: 'നേഹ ഹിരേമതിന്‍റെ കൊലയ്‌ക്ക് പിന്നില്‍ ലവ് ജിഹാദല്ല'; കുറ്റപത്രത്തില്‍ നിര്‍ണായക പരാമര്‍ശം