ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതക കേസിൽ (Kattappana double murder case) അന്വേഷണം നിർണായക ഘട്ടത്തിലേയ്ക്ക്. നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയ ശേഷം ജഡം പുറത്തെടുത്ത്, കത്തിച്ച് പുഴയിൽ ഒഴുക്കിയതായി പ്രതി നിധീഷ്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ചോദ്യം ചെയ്‌ത് വരികയായിരുന്നു.
രണ്ടു ദിവസം നടത്തിയ തെരച്ചിലിലും പൊലീസിന് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനായില്ല. കൊല്ലപ്പെട്ട വിജയന്‍റെ തലയോട്ടിയും അസ്ഥികളും കക്കാട്ടുകടയിലെ വാടക വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. വീടിന്‍റെ മുറിയുടെ തറ കുഴിച്ച് നടത്തിയ പരിശോധനയിലാണ് അവശിഷ്‌ടങ്ങള്‍ കിട്ടിയത്. എന്നാൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്താനായിരുന്നില്ല.
പ്രതി നിധീഷ് മൊഴി മാറ്റി പറയുന്നത് പൊലീസിന് വലിയ വെല്ലുവിളിയാവുന്നു. ഇതിനിടെയാണ് നിധീഷ് ചോദ്യം ചെയ്യലിനിടെ കേസിൽ നിർണായകയായ മൊഴി പറയുന്നത്. സംഭവങ്ങളുടെ ചുരുളഴിക്കാൻ നിധീഷ്, വിഷ്‌ണു, വിഷ്‌ണുവിന്‍റെ സഹോദരി, അമ്മ സുമ എന്നിവരെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ നീക്കം.
കുട്ടിയുടെ മൃതദേഹം കത്തിച്ചു കളഞ്ഞുവെന്ന മൊഴി ശരിയാണോ എന്ന് പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ. നാളെ കസ്റ്റഡി കാലാവധി തീരാനിരിക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി തെളിവുകൾ കണ്ടെത്താനാണ് പൊലീസിൻ്റെ ശ്രമം. തൊഴുത്തിൽ കുഴിച്ചിട്ട മൃതദേഹം സ്ഥലം വിറ്റതിനുശേഷം പുറത്തെടുത്ത് കത്തിച്ചുവെന്നും, അവശിഷ്‌ടം കൊല്ലപ്പെട്ട വിജയൻ അയ്യപ്പൻകോവിലിൽ പുഴയിൽ ഒഴുക്കിയെന്നുമാണ് നിധീഷിൻ്റെ പുതിയ മൊഴി.
ഇത് സ്ഥിരീകരിക്കാൻ നിധീഷിൻ്റെ കൂട്ടാളി വിഷ്‌ണുവിനെയും, അമ്മ സുമയേയും, സഹോദരിയെയും ഒരുമിച്ചിരുത്തിയും, അല്ലാതെയും ചോദ്യം ചെയ്യും. വർഷങ്ങളോളം മുറിക്കുള്ളിൽ അടച്ചിട്ട് കഴിഞ്ഞതിനാൽ സുമയുടെയും, മകളുടെയും മാനസികാവസ്ഥ പൂർവ്വാവസ്ഥയിൽ ആയിട്ടില്ല. കൗൺസിലിംഗ് ഉൾപ്പെടെ നടത്തിയ ശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.
2016 ലാണ് കുഞ്ഞിന്‍റെ അച്ഛൻ നിധീഷ് ഭാര്യാപിതാവിന്‍റെയും ഭാര്യാ സഹോദരന്‍റെയും സഹായത്തോടെ അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു നിധീഷ് ആദ്യം മൊഴി നൽകിയത്. എന്നാൽ തൊഴുത്തിൽ പരിശോധന നടത്തിയ പൊലീസിന് ഒന്നും കണ്ടെത്താനായില്ല. ഇതോടെ നിധീഷ് മൊഴി മാറ്റിപ്പറയുകയായിരുന്നു.
കട്ടപ്പനയിലെ വർക്ക് ഷോപ്പിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന നിധീഷിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് മോഷണക്കേസിൽ ഒപ്പം പിടിയിലായ വിഷ്‌ണുവിൻ്റെ അച്ഛനെയും സഹോദരിയുടെയും നിധീഷിൻ്റെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന് കുറ്റം പ്രതി സമ്മതിച്ചത്.
Also read: കട്ടപ്പന ഇരട്ട കൊലപാതകം; വിജയന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി