കാസർകോട്: കൊടക്കാട് ഗവണ്‍മെന്‍റ് വെൽഫെയർ യു.പി സ്‌കൂളിലൊരു മധുര നെല്ലിക്കയുണ്ട്. എന്നാല്‍ ഈ നെല്ലിക്കയുടെ മധുരം നാവുകളിലല്ല കാതുകളിലാണ് എത്തുന്നത്. എങ്ങനെയെന്നല്ലേ. ആ മധുരം അറിയണമെങ്കില്‍ ഈ സ്‌കൂളില്‍ തന്നെ വരണം.
പഠനത്തിനൊപ്പം അറിവും വിനോദവും എന്ന ഏറെ പ്രാധാന്യമുള്ള ആശയം മുൻനിർത്തി കുട്ടികൾക്കായി റേഡിയോ സ്റ്റേഷൻ ഒരുക്കിയിരിക്കുകയാണ് കൊടക്കാട് ഗവ.വെൽഫെയർ യു.പി സ്‌കൂളിലെ അധ്യാപകര്‍. റേഡിയോ സ്റ്റേഷന് 'നെല്ലിക്ക' എന്ന പേരും നൽകി.
രാവിലെ പ്രധാന വാർത്തകളോടെ തന്നെയാണ് തുടക്കം. ഇടയ്ക്കിടെ അറിയിപ്പുകള്‍ ഉണ്ടാകും, ഉച്ചയായാൽ പിന്നെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമാണ്. ഇങ്ങനെ പാട്ടും, കഥകളും, പ്രസംഗങ്ങളുമൊക്കെയായി കുട്ടികൾക്ക് വിജ്ഞാനവും വിനോദവും വിളമ്പുന്ന വേദിയായി മാറ്റുകയാണ് സ്‌കൂളിലെ റേഡിയോ സ്റ്റേഷൻ.
ഇവിടെ റേഡിയോ അവതാരകരും, ഗായകരും, വാർത്താ അവതാരകരും എല്ലാം കുട്ടികൾ തന്നെയാണ്. ഇതോടെ റേഡിയോ നെല്ലിക്ക ഒരാഴ്‌ചയ്ക്കുള്ളിൽ തന്നെ ഹിറ്റായി. സ്‌കൂളിന്‍റെ വികസന പദ്ധതിയായ ഹാർവെസ്റ്റിന്‍റെ പേരിലാണ് റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചിട്ടുള്ളത്. ആധുനിക സംവിധാനങ്ങളോടെയാണ് റേഡിയോ നിലയം പ്രവർത്തിക്കുന്നത്. ഒരുകൂട്ടം പട്ടാളക്കാരാണ് റേഡിയോയുടെ സ്പോൺസർമാർ.
കുട്ടികൾ മുന്നിട്ടിറങ്ങി പരിപാടികൾ സംഘടിപ്പിക്കുന്നതിനാൽ തന്നെ ഓരോ ചുവടുവെയ്പ്പിലും അവരുടെ അറിവും വർധിക്കുന്നു. മറ്റ് കുട്ടികൾ തങ്ങളുടെ ക്ലാസ്റൂമിലിരുന്ന് റേഡിയോ ആസ്വദിക്കും. അറിയിപ്പുകൾ സൂക്ഷ്മതയോടെ കേട്ട് മനസിലാക്കും. അതുപോലെ അനുസരിക്കുകയും ചെയ്യും.
കുരുന്നുകളുടെ എല്ലാ പ്രവർത്തനങ്ങൾക്കും കൂട്ടായി അധ്യാപകരും കൂടെയുണ്ട്. അത് തന്നെയാണ് ഈ നെല്ലിക്കയുടെ വിജയത്തിന് പിന്നിലെ രഹസ്യവും.