കാസർകോട്: ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളും കണ്ണൂർ ജില്ലയിലെ രണ്ട് നിയമസഭ മണ്ഡലങ്ങളും ചേർന്നതാണ് കാസർകോട് ലോക്‌സഭ മണ്ഡലം. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ നിയമസഭ മണ്ഡലങ്ങളും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശേരി എന്നീ നിയമസഭ മണ്ഡലങ്ങളും കാസർകോട് ലോക്‌സഭ മണ്ഡലത്തിന്‍റെ ഭാഗമാണ്. കന്നഡ മണ്ണ് മുതൽ കണ്ണൂരിലെ കല്ല്യാശേരി വരെ ഉൾപ്പെടുന്ന കാസർകോട് ലോക്‌സഭ മണ്ഡലം സംസ്ഥാനത്തെ ഏറ്റവും ഉറച്ച ഇടതുകോട്ട എന്ന് എല്ലാ കാലത്തും വിലയിരുത്തപ്പെട്ടിരുന്നെങ്കിലും 2019ൽ ചിത്രം മാറി.

ദീര്‍ഘകാലം സിപിഎമ്മിന്‍റെ കയ്യിലായിരുന്ന കാസര്‍കോട് ലോക്‌സഭ സീറ്റ് 2019ൽ രാജ്മോഹന്‍ ഉണ്ണിത്താനിലൂടെ കോണ്‍ഗ്രസ് പിടിച്ചടക്കി. 40,438 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ഉണ്ണിത്താന്‍ സിപിഎമ്മിലെ കെ പി സതീശ് ചന്ദ്രനെ തോല്‍പ്പിച്ചു. ബിജെപിയിലെ രവീശ തന്ത്രി കുണ്ടാര്‍ മൂന്നാംസ്ഥാനത്തെത്തി. രാജ്മോഹന്‍ ഉണ്ണിത്താൻ 4,74,961 വോട്ടും സതീശ് ചന്ദ്രന്‍ 4,34,523 വോട്ടും രവീശ തന്ത്രി 1,76,049 വോട്ടും നേടിയിരുന്നു.

1957ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 1967 വരെയുള്ള മൂന്ന് ടേമുകളില്‍ മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ എകെജി (എ കെ ഗോപാലൻ) മണ്ഡലത്തില്‍ നിന്നും വിജയിച്ച് പാർലമെന്‍റിലെത്തി. രൂപീകൃതമായ കാലം തൊട്ട് തന്നെ കമ്യൂണിസ്റ്റ് പാർട്ടികള്‍ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമായിരുന്നു കാസർകോട്. എന്നാൽ എകെജിക്ക് ശേഷം കാര്യം എളുപ്പമായില്ല.

തെരഞ്ഞെടുപ്പിന് വലിയ പ്രചരണം ഇടതുപക്ഷം കാഴ്‌ചവച്ചെങ്കിലും 1971ൽ മണ്ഡലത്തില്‍ ആദ്യമായി കോണ്‍ഗ്രസ് വിജയിച്ചു. ഇന്നത്തെ മന്ത്രിയും കേരള കോണ്‍ഗ്രസ് എസ് നേതാവും അന്നത്തെ തീപ്പൊരി യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയായിരുന്നു വിജയി. ചെങ്കോട്ടയായ കാസര്‍കോട്ടെ ഇടത് സ്ഥാനാര്‍ഥി ഇ കെ നായനാരായിരുന്നു.
അന്ന് കേരളം കണ്ട അട്ടിമറി വിജയങ്ങളില്‍ ഒന്നായിരുന്നു രാമചന്ദ്രന്‍റേത്. 1977 ലും മണ്ഡലത്തില്‍ വിജയിക്കാന്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് സാധിച്ചു. എന്നാല്‍ 1980ല്‍ രമണ റായിയിലൂടെ സിപിഎം മണ്ഡലം തിരികെ പിടിച്ചു, ഭൂരിപക്ഷം 1546 വോട്ടുകൾ മാത്രം.


പിന്നീട് 2019 വരെ മുപ്പത് വർഷം ഇടതുപക്ഷത്തിന്‍റെ സേഫ് സോണായിരുന്നു കാസർകോട്.
2019ൽ ഉണ്ടായ യുഡിഎഫ് തരംഗത്തിനൊപ്പം കാസർകോടും ഇടതുമുന്നണിയെ കൈവിട്ടു. കൂടാതെ, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു.
വർഷം | വിജയി | പാർട്ടി |
1957 | എ കെ ഗോപാലൻ | സിപിഐ |
1962 | ||
1967 | സിപിഎം | |
1971 | കടന്നപ്പള്ളി രാമചന്ദ്രൻ | കോൺഗ്രസ് |
1977 | ||
1980 | രാമണ്ണ റായ് | സിപിഎം |
1984 | ഐ രാമ റായ് | കോൺഗ്രസ് |
1989 | രാമണ്ണ റായ് | സിപിഎം |
1991 | ||
1996 | ടി ഗോവിന്ദൻ | |
1998 | ||
1999 | ||
2004 | പി കരുണാകരൻ | |
2009 | ||
2014 | ||
2019 | രാജ്‌മോഹൻ ഉണ്ണിത്താൻ | കോൺഗ്രസ് |
ഇരട്ടക്കൊലപാതകത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമായി. ഒരു സമയത്ത് ജയസാധ്യതയില്ലെന്ന് പാര്‍ട്ടി വിലയിരുത്തിയ മണ്ഡലത്തില്‍ രാഷ്ട്രീയസാഹചര്യം അനുകൂലമാക്കുകയും കോൺഗ്രസ് ജയിച്ചതും ചരിത്രം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുകോട്ടകളായ പയ്യന്നൂരും, കല്ല്യാശേരിയും, തൃക്കരിപ്പൂരും ഉൾപ്പടെ എല്ലാം തകർന്നടിഞ്ഞു. വീണ്ടും തെരഞ്ഞെടുപ്പ് വരുമ്പോൾ കാസർകോട് മണ്ഡലത്തിൽ ബിജെപിയുടെ സാന്നിധ്യവും ഏറെ നിർണായകമാണ്. ഭാഷാന്യൂനപക്ഷ വോട്ടുകളിലെ സ്വധീനവും, ഹിന്ദുത്വ വോട്ടുകളുടെ ധ്രുവീകരണ സാധ്യതയും കാസർകോടിനെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലേക്ക് ബിജെപി ഉൾപ്പെടുത്തുന്നു.
അതുകൊണ്ടുതന്നെ പ്രത്യേക ചാർജ് നൽകി മാസങ്ങൾക്ക് മുൻപ് തന്നെ ഇവിടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ ജില്ല പ്രസിഡന്‍റ് കൂടിയായ രവീശ തന്ത്രി കുണ്ടാറിന് 1,76,049 വോട്ട് നേടാൻ കഴിഞ്ഞിരുന്നു. മഞ്ചേശ്വരം, കാസർകോട്, ഉദുമ നിയോജക മണ്ഡലത്തിലാണ് ബിജെപിക്ക് കൂടുതൽ വോട്ടർമാരുള്ളത്. വന്ദേ ഭാരതും ആറുവരിപാതയും അടക്കം കാസർകോട് മണ്ഡലത്തിൽ അടുത്തിടെ വന്ന വികസന കുതിപ്പിന് കാരണം കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാരാണെന്നാണ് ബിജെപിയുടെ പ്രധാന പ്രചരണായുധം.
സംഘടനാശേഷി ആകെ ഉപയോഗിച്ച് ആഞ്ഞുപിടിച്ചാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോൾ ഉള്ളതെന്നും നേതാക്കൾ വിലയിരുത്തുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി എന്ന നിലയിൽ മണ്ഡലത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കാൻ സാധിച്ചുവെന്നും ഇത് നേട്ടമാകുമെന്നുമാണ് യുഡിഎഫിന്‍റെ വിലയിരുത്തൽ.

ഒപ്പം മണ്ഡലത്തിൽ ഏറെ നിർണായകമായ ന്യൂനപക്ഷ വോട്ടുകൾ കേന്ദ്രീകരിക്കുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു. വാശിയേറിയ രാഷ്ട്രീയ പോരാട്ടത്തിനൊപ്പം സാമുദായിക, അതിർത്തി സമവാക്യങ്ങൾ പോലും കാസർകോട് മണ്ഡലത്തിൽ നിർണായകമാകുമെന്ന് ഉറപ്പാണ്.
സിപിഎം കാസർകോട് ജില്ല സെക്രട്ടറി എം വി ബാലകൃഷ്‌ണനെയാണ് ഇത്തവണ ഇടതുമുന്നണി കളത്തിലിറക്കുന്നത്. യുഡിഎഫിൽ രാജ്മോഹൻ ഉണ്ണിത്താന്‍റെ സ്ഥാനാർഥിത്വം ഏകദേശം നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. എൻഡിഎയിൽ ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ്, സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത് എന്നിവരാണ് സ്ഥാനാർഥി പരിഗണനയിൽ.