കാസർകോട്: ദേശീയപാത നിർമാണത്തിന്‍റെ ആദ്യ റീച്ച് ആയ തലപ്പാടി മുതൽ ചെങ്കളവരെയുള്ള പ്രവൃത്തി ഫിനിഷിങ്ങിലേക്ക്. പാലത്തിന്‍റെ സ്ലാബ് നിർമാണം പൂർത്തിയായി. കൈവരിയും മറ്റു ചില അറ്റകുറ്റപണികളുമാണ് ഇനി പൂർത്തിയാകാനുള്ളത്.
83 ശതമാനം പണിയും പൂർത്തിയായെന്ന് നിർമാണ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റിയിലെ അധികൃതർ അറിയിച്ചു. മെയ് മാസം വരെ സമയം ഉണ്ടെങ്കിലും മാർച്ച് മാസം തന്നെ നിർമാണം പൂർത്തിയാക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. കേരള അതിർത്തിയായ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ദേശീയപാത വികസനത്തിലെ ആദ്യ റീച്ചിന് 42 കിലോമീറ്റര്‍ നീളമാണുളളത്.
ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ഒറ്റത്തൂണ്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതും ഈ പാതയിലാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ കൺസ്ട്രക്ഷന്‍സ് എന്ന കമ്പനിക്കാണ് രണ്ടാം റീച്ചിന്‍റെയും മൂന്നാം റീച്ചിന്‍റെയും നിർമാണ ചുമതല. രണ്ടും 60% പൂർത്തിയായതായി മേഘ കൺസ്ട്രക്ഷൻ അധികൃതർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മെയ് മാസത്തിനുള്ളിൽ തന്നെ പരമാവധി നിര്‍മാണം പൂർത്തിയാക്കും. ചില പ്രതിസന്ധികൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നിര്‍മാണം അതിവേഗത്തിൽ മുന്നോട്ട് പോകുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റു കരാറുകാരുടെ മുന്നിലുള്ളതും ഇനി ആറുമാസം മാത്രമാണ്.
പൂർത്തീകരിക്കേണ്ട ഔദ്യോഗികമായി അനുവദിച്ച സമയപരിധി സെപ്റ്റംബറിൽ കഴിഞ്ഞെങ്കിലും പിന്നീട് സമയപരിധി 2025 മെയ് വരെ നീട്ടിക്കൊടുത്തിരുന്നു. പാലങ്ങള്‍ അടക്കമുള്ളവയുടെ പണി വേഗത്തിലാക്കുകയാണ് ലക്ഷ്യം. തലപ്പാടി മുതല്‍ മുഴപ്പിലങ്ങാട് വരെയുളള 146 കിലോമീറ്റര്‍ ദേശിയപാതയുടെ നിര്‍മാണം 2021 ഒക്ടോബർ, നവംബര്‍ മാസങ്ങളിലായാണ് തുടങ്ങിയത്. പ്രാദേശിക വഴിയുടെ ആവശ്യങ്ങൾ ഏറിയതോടെ അടിപ്പാതകളുടെ എണ്ണം വർധിച്ചു.
നിലവിൽ തലപ്പാടി-ചെങ്കള റീച്ചിൽ 83 ശതമാനം പണി പൂർത്തിയായി. കണ്ണൂർ ജില്ലയിലെ രണ്ട് റീച്ചുകള്‍ 60 ശതമാനം പൂർത്തിയായി. നീലേശ്വരം-തളിപ്പറമ്പ് റീച്ചിൽ 60 ശതമാനവും തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ചിൽ നിര്‍മാണം 65 ശതമാനവും കടന്നു.
തലപ്പാടി മുതൽ ചെങ്കള വരെ മെര്‍ജിങ് പോയിന്‍റുകള്‍
തലപ്പാടി മുതൽ ചെങ്കള വരെ ദേശീയപാതയിലേക്ക് വാഹനങ്ങൾക്ക് സർവീസ് റോഡിൽ നിന്ന് ഇറങ്ങാനും കയറാനും 60 ഇടത്ത് സൗകര്യമുണ്ടാകും (മെർജിങ്ങ് പോയിന്‍റ്). ഇരുഭാഗത്തുമായി 30 വീതം മെർജിങ് പോയിന്‍റുകളാണുണ്ടാവുക. ഒരുവഴിയിലൂടെ തന്നെ കയറുകയും ഇറങ്ങുകയും ചെയ്യാം.
മേൽപ്പാലങ്ങള്‍ക്കും അടിപ്പാതകൾക്കും പുറമെയുള്ള ഈ മെർജിങ് പോയിന്‍റുകൾ യാത്രക്കാർക്ക് സഹായകമാകും. ദീർഘദൂര യാത്രക്കാര്‍ക്ക് പുറമെ ഹ്രസ്വദൂര യാത്രികര്‍ക്കും ഇതിലൂടെ കയറി ആറുവരി പാത ഉപയോഗിക്കാൻ കഴിയും. ലോക്കൽ ബസ്, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയ്‌ക്കും ഇതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യാം.
ചെറിയ വാഹനങ്ങൾക്ക് ദേശീയപാതയിൽ കയറാൻ കഴിയില്ലെന്നും സർവീസ് റോഡുകളിൽ തിരക്കേറുമെന്നും ആശങ്കയുണ്ടായിരുന്നു. ഇതിനാലാണ് അടിപ്പാതകൾക്കായി എങ്ങും ആവശ്യമുയർന്നത്. അടിപ്പാതകൾക്കൊപ്പം മെർജിങ് പോയിന്‍റുകൾ വരുന്നതോടെ ഇത്തരം ആവശ്യങ്ങൾക്ക് പരിഹാരമാകും.
കുഞ്ചത്തൂർ, ഉദ്യാവാർ മാട, മഞ്ചേശ്വരം, പൊസോട്ട, ഹൊസങ്കടി, ഉപ്പള ഗേറ്റ്, നയബസാർ കൈക്കമ്പ, ബന്തിയോട്, ഷിറിയ കുന്നിൽ, ആരിക്കാടി, കുമ്പള, മൊഗ്രാൽ, മൊഗ്രാൽപുത്തൂർ, ചൗക്കി, വിദ്യാനഗർ (സീതാംഗോളി ജങ്‌ഷൻ), ബിസി റോഡ്, നായന്മാർമൂല, സന്തോഷ് നഗർ, ചെങ്കള നായനാർ ആശുപത്രി എന്നിവിടങ്ങളിലായി 19 അടിപ്പാതകളാണ് തലപ്പാടി-ചെങ്കള ഹൈവേക്കുള്ളത്.
Also Read: ദേശീയ പാത നിർമാണത്തിനിടെ മണ്ണ് കടത്തി; കമ്പനിക്ക് 1.75 കോടി രൂപ പിഴ