കാസർകോട്: കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി സലീം ക്രിമിനൽ പശ്ചാത്തലം ഉളള വ്യക്തിയെന്ന് പൊലീസ്. കുടക് സ്വദേശിയായ ഇയാൾ രാത്രികാലങ്ങളിൽ മോഷണം നടത്താറുണ്ടെന്നും
ജില്ല പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു.
പ്രതി സലീം മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ആളായിരുന്നു. ഇത് അന്വേഷണത്തിൽ പ്രതിസന്ധി ഉണ്ടാക്കി. രണ്ട് - മൂന്ന് ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയിലേക്ക് എത്തിയത്. പ്രതി പോകാൻ സാധ്യതയുള്ള ഇടങ്ങളിൽ അന്വേഷണം നടത്തിയിരുന്നു എന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
കുട്ടിയുടെ മുത്തച്ഛൻ തൊഴുത്തിലേക്ക് പോകുന്നത് കണ്ടപ്പോഴാണ് വീട്ടിനകത്തേക്ക് കയറിയതെന്ന് സലീം പറഞ്ഞിട്ടുണ്ട്. പ്രതിയ്‌ക്ക് കുട്ടിയുടെ വീടുമായി മുൻ പരിചയം ഒന്നും ഇല്ല. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. 2022ൽ സമാനമായ കേസ് ഉണ്ടായിരുന്നു.
പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരെ കുറിച്ചും അന്വേഷണം നടത്തും. ആന്ധ്രാപ്രദേശിലെ അഡോണിയിൽ നിന്നുമാണ് പ്രതി സലീം അന്വേഷണസംഘത്തിന്‍റെ വലയിലാകുന്നത്. തലശ്ശേരി - മൈസൂർ - ബെംഗളൂരു - മുബൈ വഴിയാണ് ഇയാം ആന്ധ്രാപ്രദേശിലെത്തിയത്. അവിടെ നിന്നും അഡോണിയിൽ എത്തുയായിരുന്നു എന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അതേസമയം പ്രതിയെ ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.