കാസർകോട്: പൊലിസ് കസ്റ്റഡിയിൽ എടുത്ത ഓട്ടോറിക്ഷ അഞ്ചു ദിവസം കഴിഞ്ഞിട്ടും വിട്ടു കിട്ടാത്തതിൽ മനംനൊന്ത് ഡ്രൈവർ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ എസ്‌ഐ അനൂപിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച അബ്‌ദുൾ സത്താറിന്‍റെ സഹോദരൻ സലീം. ഇപ്പോഴുള്ള അന്വേഷണം തൃപ്‌തികരമെന്നും എന്നാൽ ആദ്യഘട്ടത്തിൽ പൊലീസിന് വീഴ്‌ച പറ്റിയെന്നും സലീം ഇടിവി ഭാരതിനോട് പറഞ്ഞു. എസ്‌ഐ അനൂപ് ഓട്ടോ ഡ്രൈവർമാരെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കുകയാണെന്നും സലീം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വെറും സ്ഥലം മാറ്റൽ മാത്രമായി എസ്‌ഐക്കെതിരായ നടപടി ഒതുക്കാൻ പാടില്ല. ഏട്ടനെ ഞങ്ങൾക്ക് നഷ്‌ടപ്പെട്ടു. ഓട്ടോ പിടിച്ചു വച്ചപ്പോൾ അസുഖബാധിതൻ ആണെന്ന് പറഞ്ഞിരുന്നു. ഷർട്ട് ഊരി വരെ കാണിച്ചു. എന്നിട്ടും വിടാന്‍ പൊലീസ് തയ്യാറായില്ലെന്നും സലീം പറഞ്ഞു.
ഇനി അവർ എന്ത് ചെയ്‌തിട്ടും കാര്യം ഇല്ല. ഒരാൾക്കും ഈ ഗതി ഉണ്ടാകരുതെന്നും സലീം കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കർണാടക മംഗളുരു പാണ്ഡേശ്വരയിലെ അബ്‌ദുൾ സത്താറാണ് (60) മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് അബ്‌ദുൾ സത്താറിനെ കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അകാരണമായി തൻ്റെ ഓട്ടോ പൊലീസ് പിടിച്ചുവച്ചുവെന്നും മറ്റ് മാർഗമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഫേസ്ബുക്കിൽ അബ്‌ദുൾ സത്താർ കുറിപ്പിട്ടിരുന്നു.
ഇതിന് പിന്നാലെ സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ് കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്‌സിൽ സത്താറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പട്ട് അന്വേഷണ വിധേയമായി എസ്‌ഐ അനുപിനെ സ്ഥലംമാറ്റിയിരുന്നു.
വ്യാഴാഴ്‌ചയാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കി എന്നാരോപിച്ച് അബ്‌ദുൾ സത്താറിൻ്റെ ഓട്ടോ പൊലീസ് പിടിച്ചെടുത്തത്. എസ്‌ഐ അനുപിനെതിരെ നടപടി ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചിരുന്നു.
Also Read: കാസര്‍കോട് ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ