കോഴിക്കോട് : കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറിയും ഡ്രൈവര്‍ അര്‍ജുനും പുഴയിൽ ഇല്ലെന്ന് സ്ഥിരീകരണം. വെള്ളത്തിനടിയിലേക്ക് ലോറി മറിഞ്ഞിട്ടുണ്ടോ എന്നറിയാൻ പുഴയിൽ ഡൈവർമാരെ നിയോഗിച്ച് തെരച്ചില്‍ നടത്തിയിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് പുഴയില്‍ അര്‍ജുനും ലോറിയും ഇല്ലെന്ന് സ്ഥിരീകരിച്ചത്.
പിന്നാലെ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. കുന്നിടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങിയിട്ടുണ്ട്. മെറ്റൽ ഡിറ്റക്‌ടർ എത്തിയാൽ നിർണായക വിവരം ലഭിക്കും. 40 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വൈകിട്ടോടെ നേവി സംഘം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇക്കഴിഞ്ഞ 16-ാം തീയതിയാണ് അപകടം നടന്നത്. അന്ന് രാവിലെ 9 മണിക്ക് കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടാകുകയായിരുന്നു. മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. ഇതിനിടെയാണ് കോഴിക്കോട് മുക്കം സ്വദേശിയുടെ ലോറിയും അപകടത്തിൽപ്പെട്ടതായി സൂചന ലഭിച്ചത്.
ലോറിയുടെ അവസാന ജിപിഎസ് കാണിച്ചിരിക്കുന്നത് അപകട സ്ഥലത്താണ്. തടി കയറ്റി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിൽ ഡ്രൈവർ അർജുൻ മാത്രമാണ് ഉണ്ടായിരുന്നത്.