മലപ്പുറം: സ്വകാര്യ ധനകാര്യ സ്ഥാപനമായ കാരാട്ട് കുറീസ് അടച്ചുപൂട്ടി ഉടമകള്‍ മുങ്ങിയ സംഭവത്തില്‍ പ്രതിഷേധവുമായി നിക്ഷേപകരും ജീവനക്കാരും. നിലമ്പൂര്‍ ചുങ്കത്തറയിലെ കമ്പനി ഡയറക്‌ടര്‍മാരിലൊരാളുടെ ബന്ധു വീട്ടിലേക്ക് കൂട്ടത്തോടെയെത്തി നിക്ഷേപകര്‍. ഇന്ന് (നവംബര്‍ 22) ഉച്ചയോടെയാണ് ജില്ലയ്‌ക്ക് അകത്ത് നിന്നും പുറത്ത് നിന്നുമുള്ള നിരവധി നിക്ഷേപകര്‍ പ്രതിഷേധവുമായെത്തിയത്.
ഉടമകളെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ബന്ധുവാണെന്ന് ആരോപിച്ചാണ് സംഘം ചുങ്കത്തറയിലെത്തിയത്. നിക്ഷേപകര്‍ ബന്ധുവുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ ഒരു നിക്ഷേപകന്‍ കുഴഞ്ഞ് വീണു. പണം തിരികെ ലഭിച്ചില്ലെങ്കില്‍ താന്‍ ജീവനൊടുക്കുമെന്ന് ഒരു നിക്ഷേപ പറഞ്ഞു.
നിക്ഷേപകര്‍ ചുങ്കത്തറയിലെ വീട്ടിലെത്തിയ വിവരം അറിഞ്ഞ് എടക്കര പൊലീസ് സ്ഥലത്തെത്തി. നിക്ഷേപകരുമായി ചര്‍ച്ച നടത്തുകയും ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്‌തു. ഒളിവില്‍ പോയ ഉടമകളെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചതോടെയാണ് സംഘം പിരിഞ്ഞ് പോയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നവംബര്‍ 19ന് പുലര്‍ച്ചെയാണ് കാരാട്ട് കുറീസിന്‍റെയും നിധി ലിമിറ്റഡിന്‍റെയും എംഡി സന്തോഷും ഡയറക്‌ടര്‍ മുബഷീറും ഒളിവില്‍ പോയത്. പുലര്‍ച്ചെ സ്ഥാപനങ്ങളിലെ ജീവനക്കാരെ വിളിച്ച് ഓഫിസുകള്‍ തുറക്കേണ്ടതില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഇരുവരും മുങ്ങിയത്. നവംബര്‍ 19 മുതല്‍ വിവിധ ജില്ലകളിലുള്ള കാരാട്ട് കുറീസിന്‍റെ 14 ബ്രാഞ്ചുകളും അടച്ചിട്ടിരിക്കുകയാണ്.
മാത്രമല്ല ഇരുവരുടെയും ഉടമസ്ഥതയിലുള്ള എടക്കരയിലെ സൂപ്പര്‍ മാര്‍ക്കറ്റും അടച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വിവിധയിടങ്ങളില്‍ നിന്നും നിരവധി പരാതികളാണ് ഉയരുന്നത്. ആയിരക്കണക്കിന് പേരാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. കോടി കണക്കിന് രൂപയുടെ പണം തട്ടിയാണ് ഉടമകള്‍ മുങ്ങിയിട്ടുള്ളതെന്ന് നിക്ഷേപകര്‍ പറയുന്നു.