മലപ്പുറം: വേങ്ങര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളായ കാരാട്ട് കുറീസ്, നിധി ലിമിറ്റഡ് എന്നിവ പൂട്ടി ഉടമകള്‍ മുങ്ങിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മുക്കം പൊലീസ് സ്റ്റേഷനില്‍ 100 പരാതികളും നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ 80 പരാതികളും എടക്കര പൊലീസ് സ്റ്റേഷനില്‍ 44 പരാതികളുമാണ് ഇതുവരെ ലഭിച്ചത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 14 ബ്രാഞ്ചുകളാണ് കാരാട്ട് കുറീസിനുള്ളത്. നിലവില്‍ വിവിധ സ്റ്റേഷനുകളിലേക്ക് ഇപ്പോഴും പരാതിക്കാരുടെ ഒഴുക്കാണ്.
എടക്കരയിലെയും നിലമ്പൂരിലെയും അടച്ചിട്ട ഓഫിസുകള്‍ക്ക് മുന്നില്‍ രാവിലെ മുതല്‍ നിക്ഷേപകര്‍ പ്രതിഷേധവുമായെത്തിയിട്ടുണ്ട്. ഓഫിസിന് മുന്നിലെത്തിയ നിക്ഷേപകര്‍ എടക്കരയിലെ ഉടമകളുടെ വീട്ടിലും എത്തിയിരുന്നു. തുടര്‍ന്നാണ് വിവിധ സ്റ്റേഷനുകളിലെത്തി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നവംബര്‍ 19 പുലര്‍ച്ചെയാണ് കാരാട്ട് കുറീസ്, നിധി ലിമിറ്റഡ് എംഡി സന്തോഷ്, ഡയറക്‌ടര്‍ മുബഷീര്‍ എന്നിവര്‍ ഒളിവില്‍ പോയത്. പുലര്‍ച്ചെ ജീവനക്കാരെ ഫോണില്‍ വിളിച്ച് സ്ഥാപനങ്ങള്‍ തുറക്കരുതെന്ന് നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഇരുവരും മുങ്ങിയത്. സ്ഥാപനങ്ങള്‍ക്ക് കോടതിയുടെ സ്റ്റേ ഉണ്ടെന്ന് പറഞ്ഞ് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് ഇരുവരും മുങ്ങിയത്.
കാരാട്ട് കുറീസിന്‍റെ മുഴുവന്‍ ബ്രാഞ്ചുകളും അടച്ചിട്ടതില്‍ സംശയം തോന്നിയ നിക്ഷേപകര്‍ ഓഫിസുകള്‍ക്ക് മുന്നിലെത്തി ജീവനക്കാരെ വിളിച്ചു. ഇതോടെ ജീവനക്കാര്‍ എടക്കരയിലെ ഉടമകളുടെ വീട്ടിലെത്തിപ്പോഴാണ് ഇരുവരും രക്ഷപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ജീവനക്കാരും നിക്ഷേപകരും അടക്കം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
14 ബ്രാഞ്ചുകളിലായി നിരവധി പേരാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. ഓരോ ബ്രാഞ്ചുകളിലായി ആയിരത്തോളം നിക്ഷേപകരാണ് കാരാട്ട് കുറീസിനുള്ളത്. കോടികളുടെ തട്ടിപ്പ് നടന്നതായാണ് പരാതി. തട്ടിപ്പിനിരയായവരില്‍ പലരും ചിട്ടിയുടെ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തവരാണ്. മക്കളുടെ പഠനം, വിവാഹം, ഭവന നിര്‍മാണം എന്നീ ആവശ്യങ്ങള്‍ക്കായാണ് ഭൂരിഭാഗം പേരും പണം നിക്ഷേപിച്ചിട്ടുള്ളത്.