തിരുവനന്തപുരം: കരമനയിലെ അഖിൽ (26) കൊലക്കേസിൽ മുഖ്യപ്രതികൾ പിടിയിൽ. അഖിൽ എന്ന യുവാവിനെ നടുറോഡിൽ കമ്പിവടിയും കല്ലുമുപയോഗിച്ച് ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളാണ് അറസ്‌റ്റിലായത്. ഒന്നാം പ്രതി വിനീത് രാജ് (25), രണ്ടാം പ്രതി കൈമനം സ്വദേശി അഖിൽ (26), മൂന്നാം പ്രതി കൈമനം സ്വദശി സുമേഷ് (26) എന്നിവരെയാണ് കരമന പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
അഖിലിനെ ഇന്നലെ പുലർച്ചെ തമിഴ്‌നാട്ടിൽ നിന്നും വിനീത് രാജിനെ തിരുവനന്തപുരം ചെങ്കൽച്ചൂളയിൽ നിന്നുമായിരുന്നു പൊലീസ് കസ്‌റ്റഡിയിലെടുത്തത്. സുമേഷിനെ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊച്ചുവേളിയില്‍ നിന്നാണ് ഷാഡോ സംഘം പിടികൂടിയത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ട മുഴുവൻ പ്രതികളെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പ്രതികളെ സഹായിച്ച കിരൺ, ഹരിലാൽ, കിരൺ കൃഷ്‌ണ എന്നിവരെ നേരത്തെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. 2019ൽ നടന്ന അനന്തു വധക്കേസിലും ഉൾപ്പെട്ട പ്രതികളാണ് നിലവിൽ അറസ്‌റ്റിലായ അഖിൽ, ഹരിലാൽ, വിനീത്, സുമേഷ് എന്നിവർ. വെള്ളിയാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ഏപ്രിൽ 26 ന് പാപ്പനംകോടുള്ള ബാറിൽ പ്രതികളുമായുണ്ടായ തർക്കമാണ് അരുംകൊലയിലേക്ക് നയിച്ചത്.
അഖിലിനെ നിരീക്ഷിച്ചുവരികയായിരുന്ന കൊലയാളി സംഘം അഖിലിന്‍റെ വീടിന് സമീപത്ത് വെച്ചാണ് ആക്രമിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തലയ്ക്കടിച്ചു വീഴ്ത്തി ആക്രമണം തുടർന്നു. മരണം ഉറപ്പിക്കാൻ പലതവണ ഭാരമേറിയ കല്ല് അഖിലിന്‍റെ ശരീരത്തിലേക്ക് ഇട്ടു. അതീവ ഗുരുതരമായി പരിക്കേറ്റ അഖിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 8 മണിയോടെ മരണപ്പെടുകയായിരുന്നു.