കണ്ണൂർ : പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ വികൃതമാക്കിയ ആളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കർണാടക സ്വദേശിയാണ് പൊലീസിന്‍റെ കസ്റ്റഡിയിൽ ഉള്ളത്. സംഭവം നടന്ന് രണ്ടു ദിവസത്തിനകം തന്നെ പ്രതിയിലേക്ക് എത്താൻ സാധിച്ചു എന്നത് കണ്ണൂരിന്‍റെ രാഷ്ട്രീയ ഐക്യത്തിനു നേട്ടമായി.
കഴിഞ്ഞ ദിവസമാണ് പയ്യാമ്പലത്തെ നാല് സ്‌മൃതി കുടീരങ്ങളിൽ കറുത്ത ലായനി ഒഴിച്ച് വികൃതമാക്കിയ രീതിയിൽ കണ്ടെത്തിയത്. സിപിഎം നേതാക്കൾ ആയ മുൻ മുഖ്യമന്ത്രി ഇ കെ നായനാർ, കോടിയേരി ബാലകൃഷ്‌ണൻ, ചടയൻ ഗോവിന്ദൻ, ഒ ഭരതൻ എന്നിവരുടെ സ്‌മൃതി കുടീരങ്ങൾക്ക് നേരെയാണ് അക്രമം ഉണ്ടായത്.
സ്ഥൂപങ്ങൾ വികൃതമാക്കിയ സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം അന്വേഷണത്തിന് ആവശ്യപ്പെടുകയും ചെയ്‌തു. ഇതിന് പിന്നാലെ സിറ്റി പൊലീസ് കമ്മിഷണർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഫോറൻസിക് ഡോഗ് സ്‌ക്വാഡ് അടക്കം സ്ഥലം പരിശോധിക്കുകയും ചെയ്‌തു.
ഏറെ രാഷ്ട്രീയ കോളിളക്കം ഉണ്ടായേക്കാവുന്ന കേസിൽ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ സ്ഥലത്ത് എത്തി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കർണാടക സ്വദേശി പൊലീസിന്‍റെ പിടിയിലാവുന്നത്.
സ്‌മൃതി കുടീരത്തിൽ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് ആണെന്നാണ് പൊലീസ് നിഗമനം. സ്ഥലത്ത് നിന്നും കിട്ടിയ കുപ്പികളിലൊന്നിൽ ബാക്കി വന്ന സോഫ്റ്റ് ഡ്രിങ്ക് ഒഴിക്കുന്നതിനിടെ അത് കുടീരങ്ങളിലായതാണെന്നാണ് പൊലീസ് പറയുന്നത്. അതിക്രമത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും പൊലീസ് പറഞ്ഞു. സ്ഥൂപങ്ങൾക്ക് നേരെ അക്രമം ഉണ്ടായ സാഹചര്യത്തിൽ പയ്യാമ്പലത്ത് പൊലീസ് സിസിടിവി ക്യാമറ സ്ഥാപിച്ചു.