കണ്ണൂർ: ജന്മനാ സംസാരത്തിനും കേള്‍വിക്കും വെല്ലുവിളി നേരിടുന്നയാളാണ് കണ്ണൂർ നാറാത്ത് സ്വദേശി സന്തോഷ് (48). നാറാത്ത് കുറുവൻ പറമ്പ് ക്ഷേത്രത്തിനടുത്ത് കൊച്ചുവീട്ടിൽ തനിച്ച് താമസിക്കുന്ന സന്തോഷിന്‍റെ കിടപ്പുമുറിയുടെ ചുവരുകൾ നിറയെ വിട പറഞ്ഞ പ്രിയ ജനങ്ങളുടെ ചിത്രങ്ങളാണ്.
ഇക്കാലത്തിനിടയിൽ കണ്ണൂർ ജില്ലയിലെ കമ്പിൽ, നാറാത്ത് പ്രദേശങ്ങളിൽ മരിച്ച ഒട്ടുമിക്ക ആളുകളുടെയും ചിത്രങ്ങൾ സന്തോഷിന്‍റെ ശേഖരത്തിൽ ഉണ്ട്. തനിക്കാരാധ്യനായ പ്രിയ സഖാവ് മുൻ മുഖ്യമന്ത്രി ഇകെ നായനാരുടേതുൾപ്പടെ ആയിരത്തിലധികം മരിച്ചവരുടെ ചിത്രങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്.
സന്തോഷ് നല്ലതുപോലെ എഴുതുകയും വായിക്കുകയും ചെയ്യും. ഒന്നിലേറെ പത്രങ്ങൾ വില കൊടുത്തുവാങ്ങും. സുഹൃത്തുക്കളാൽ സമ്പന്നനാണ്, നാട്ടിലും പുറത്തും നിറയെ സുഹൃത്തുക്കളുണ്ട്. ബസുകളോട് സന്തോഷിന് ഏറെ ഇഷ്‌ടമാണ്. കൂട്ടുകാർ വിളിച്ചാൽ ബസ് തൊഴിലാളിയായും പോകും. കൂടാതെ, കമ്പിൽ - നാറാത്ത് റൂട്ടിൽ ഓടുന്ന എല്ലാ ബസുകളുടെയും വിവരങ്ങളും ചുമരിൽ എഴുതി പതിപ്പിച്ചിട്ടുണ്ട്. റോഡിന്‍റെ മാപ്പ് അടക്കം ബസിന്‍റെ നമ്പറും പേരും റൂട്ടും സമയവും കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.
പരേതനായ കുഞ്ഞിരാമന്‍റെയും നാരായണിയുടെയും ആറ് മക്കളിൽ ഒരാളാണ് സന്തോഷ്. സഹോദരി ആയ കാർത്ത്യായനി ആണ് സന്തോഷിന്‍റെ കാര്യങ്ങൾ നോക്കുന്നത്. മരണത്തിന്‍റെ കാണാത്തീരങ്ങൾ തേടി പോയവരുടെ ഓർമകൾക്ക് സന്തോഷ് കാവലാകാൻ തുടങ്ങിയിട്ട് 25 വർഷമായി.