പത്തനംതിട്ട: ശബരിമല ശ്രീ ധർമ്മശാസ്‌ത ക്ഷേത്രത്തിൻ്റെ തന്ത്രി പദവിയിലുണ്ടായിരുന്ന കണ്ഠരര് മോഹനരരും കണ്ഠരര് രാജീവരരും രാജ്യമെങ്ങുമുള്ള ഭക്തജനങ്ങള്‍ക്ക് സുപരിചിതരായിരുന്നു.ഇരുവരും സ്ഥാനമൊഴിയുന്നതോടെ ശബരിമലയിലെ തന്ത്രി പദവിയിലെ നിയോഗം ഏറ്റെടുത്തിരിക്കുകയാണ് പുത്തന്‍ തലമുറ. തന്ത്രി കണ്‌ഠരര് രാജീവരരുടെ മകൻ 30കാരനായ കണ്‌ഠരര് ബ്രഹ്മദത്തൻ കൂടി ശബരിമല തന്ത്രിയുടെ ചുമതല ഏറ്റെടുത്തതോടെ ശബരിമലയിലെ താന്ത്രിക ചുമതലയിൽ തലമുറ മാറ്റം പൂര്‍ത്തിയായി. ശബരിമല ക്ഷേത്രത്തിൻ്റെ താന്ത്രികാവകാശമുള്ള താഴമൺ മഠത്തിൻ്റെ ശാഖകളായ രണ്ട് കുടുംബങ്ങൾക്കാണ് ഒന്നിടവിട്ട വർഷങ്ങളിൽ ശബരിമലയുടെ തന്ത്രിയുടെ ചുമതല ലഭിക്കുന്നത്.
തന്ത്രി പദത്തില്‍ തലമുറ മാറ്റം
ഇത്തവണ കണ്‌ഠരര് രാജീവരര് തന്ത്രിയുടെ ചുമതല ഒഴിഞ്ഞിരുന്നു. തുടർന്നാണ് ചിങ്ങമാസ പൂജകൾക്കായി നടതുറന്ന ഇന്ന് മുതൽ തന്ത്രിയുടെ ചുമതല കണ്‌ഠരര് ബ്രഹ്മദത്തൻ ഏറ്റെടുത്തത്. കണ്‌ഠരര് മോഹനരുടെ മകനായ കണ്‌ഠരര് മഹേശ്വരര് മോഹനർ കഴിഞ്ഞ വർഷം തന്ത്രിയുടെ ചുമതല ഏറ്റെടുത്തിരുന്നു. ഇപ്പോൾ കണ്‌ഠരര് ബ്രഹ്മദത്തൻ കൂടി ചുമതല ഏറ്റെടുത്തതോടെ ഒരു തലമുറ മാറ്റം പൂർത്തിയായി.
പുതിയ തന്ത്രി
നാലാം തരത്തിൽ പഠിക്കുമ്പോൾ ഉപനയനം കഴിഞ്ഞ കണ്‌ഠരര് ബ്രഹ്മദത്തൻ പഠനത്തിനൊപ്പം പുജ പഠനവും തുടർന്നു. ബിബിഎഎൽഎൽബിക്ക് ശേഷം ചെങ്ങന്നൂർ കോടതിയിൽ അഭിഭാഷകനായും കോർപറേറ്റ് അഭിഭാഷകനായും ജോലി നോക്കിയ ശേഷം ബിരുദാനന്തര ബിരുദ പഠനത്തിനായി സ്കോട്‌ലാൻഡിലേക്ക് പോയി. തുടര്‍ന്ന് ഗ്ലോബൽ എന്‍വയറണ്‍മെന്‍റല്‍ ലോയിൽ എൽഎൽഎം നേടി.
പഠനത്തിന് പിന്നാലെ ബഹുരാഷ്ട്ര കമ്പനിയായ ഡെല്ലോയിറ്റില്‍ ലഭിച്ച ജോലി രാജിവച്ചാണ് ഇപ്പോൾ ശബരീശ സേവയ്‌ക്കായുള്ള നിയോഗം ഏറ്റെടുക്കുന്നത്. കുടുംബ ക്ഷേത്രത്തിലെ തേവരത്തിലും ശബരിമലയിലും ഏറ്റുമാനൂരിലും ധ്വജ പ്രതിഷ്‌ഠ ചടങ്ങുകളിലും പിതാവിനൊപ്പം പങ്കെടുത്തിട്ടുണ്ടെന്ന് കണ്‌ഠരര് ബ്രഹ്മദത്തൻ പറഞ്ഞു.