തിരുവനന്തപുരം : കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിൽ സർക്കാരും കൈവിട്ടതോടെ പ്രതിഷേധവുമായി നിക്ഷേപക കൂട്ടായ്‌മ. ഫെബ്രുവരി 14 ന് നിയമസഭയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചതായി നിക്ഷേപക കൂട്ടായ്‌മയുടെ പ്രസിഡന്‍റ് ചന്ദ്രമോഹനൻ നായർ പറഞ്ഞു (Kandala Cooperative Bank).
നിക്ഷേപം തിരികെ ലഭിക്കാൻ കരുവന്നൂർ മാതൃകയിൽ കണ്ടലയ്ക്കും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് നിക്ഷേപക കൂട്ടായ്‌മയുടെ ആവശ്യം. കേരള ബാങ്കിൽ നിന്നോ അംഗങ്ങളുടെ റിസ്‌ക് ഫണ്ടിൽ നിന്നോ ഇതിനായി തുക കണ്ടെത്തണമെന്നും നിക്ഷേപകരുടെ കൂട്ടായ്‌മ ആവശ്യപ്പെടുന്നു. വിഷയം ചൂണ്ടിക്കാട്ടി നവകേരള സദസിലും ഇവര്‍ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിന്മേൽ മറുപടി നൽകി തീർപ്പാക്കിയിരിക്കുന്നതായാണ് സന്ദേശം ലഭിച്ചത്.
കണ്ടല സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥർക്കും സഹോദര സ്ഥാപനങ്ങളായ കണ്ടല ക്ഷീര സംഘത്തിന്‍റെയും, സഹകരണ ആശുപത്രിയുടെയും ജീവനക്കാർക്കും 2021 ഡിസംബർ മാസം മുതൽ ശമ്പളം ലഭിക്കാത്ത സാഹചര്യമുണ്ട്. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ മന്ത്രിയുടെ ഓഫീസിനെ ചുമതലപ്പെടുത്തിയതായാണ് സഹകരണ വകുപ്പിന്‍റെ തിരുവനന്തപുരം റീജ്യണൽ ജോയിന്‍റ് രജിസ്ട്രാർ അറിയിക്കുന്നത്.
എന്നാൽ നിക്ഷേപകർ പരാതി അറിയിച്ചിട്ടില്ലെന്ന മന്ത്രിയുടെ പ്രസ്‌താവന പച്ചക്കള്ളമാണ്. ബാങ്കിന്‍റെ മൂല്യശോഷണത്തിന് കാരണക്കാരായ ഭരണസമിതി അംഗങ്ങളിൽ നിന്നും ജീവനക്കാരിൽ നിന്നും മൂല്യശോഷണം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം. സഹകരണ വകുപ്പ്, കേസ് കൊടുക്കാൻ പോലും തയ്യാറാകുന്നില്ല. വീട്ടിൽ പശുവോ കറവയോ ഇല്ലാത്ത ഭാസുരാംഗന്‍റെ ഭാഗം കേൾക്കാതെ നടപടി സ്വീകരിക്കാനാകില്ലെന്ന സഹകരണ വകുപ്പിന്‍റെ തീരുമാനം കേസ് ഒതുക്കി തീർക്കാനാണെന്നും നിക്ഷേപക കൂട്ടായ്‌മ ആരോപിച്ചു.