തിരുവനന്തപുരം: പ്രശസ്‌ത നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്‌ണനെ അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ പ്രതികരിച്ച് കലാമണ്ഡലം സത്യഭാമ. അഭിമുഖത്തിൽ താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും സത്യഭാമ പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവേ സത്യഭാമ ക്ഷുഭിതയായി.
എത്ര ചാനലുകാർ വന്നാലും ഞാൻ എന്‍റെ നിലപാടിൽ ഉറച്ചുനിൽക്കും. കറുത്തവര്‍ കളിക്കാൻ പാടില്ലെന്നില്ലായെന്നും അത് പെൺകുട്ടികളാണെങ്കിൽ കുഴപ്പമില്ല. എന്നാലത് ആൺകുട്ടികളാണെങ്കിൽ തന്‍റെ അഭിപ്രായത്തിൽ കുറച്ച് സൗന്ദര്യം വേണമെന്നും സത്യഭാമ പറഞ്ഞു.
ഇതേ കുറിച്ചുള്ള പൊതു അഭിപ്രായമാണ് താൻ പറഞ്ഞത്. കല മേഖലയിൽ നിന്ന് പലരും തനിക്ക് പിന്തുണ നൽകുന്നുണ്ട്. ആര് തന്നെ പിന്തുണക്കുന്നുവെന്നത് തികച്ചും വ്യക്തിപരമാണ്. ഓരോരുത്തർക്കും ഓരോ അഭിപ്രായം ഉണ്ടാകും. വ്യക്തിപരമായി താന്‍ ആരെയും പറഞ്ഞിട്ടില്ലെന്നും സത്യഭാമ പറഞ്ഞു.
കറുത്ത കുട്ടികൾ നൃത്തം പഠിക്കാൻ വന്നാൽ പരിശീലനം നൽകും. എന്നാല്‍ അവരോട് മത്സരത്തിന് പോകേണ്ടയെന്ന് പറയും. ഇതൊരു തൊഴിലായി പഠിക്കാം. ഒരു മത്സരത്തിന് പോകുമ്പോള്‍ സൗന്ദര്യത്തിന് ഒരു കോളമുണ്ട്. അവർ അതില്‍ മാർക്കിടില്ലെന്ന് പറയും. ആണായാലും പെണ്ണായാലും മോഹിനിയാട്ടം ചെയ്യുന്ന ഒരു കുട്ടി മോഹിനിയായിരിക്കണമെന്നും സത്യഭാമ പറഞ്ഞു.
മോഹനൻ മോഹിനിയാട്ടം കളിച്ചാൽ ഒരിക്കലും ശരിയാകില്ലല്ലോ? ഞങ്ങളെ പോലെ ഉള്ളവർ എന്തുകൊണ്ടാണ് സൗന്ദര്യ മത്സരത്തിന് പോകാത്തത്? അതിന് അത്യാവശ്യം സൗന്ദര്യവും നിറവുമൊക്കെ വേണമെന്നും തീരെ കറുത്ത കുട്ടികൾക്ക് സൗന്ദര്യ മത്സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോയെന്നും സത്യഭാമ ചോദിച്ചു.