പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകൾ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും ആറുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി. പെരുമ്പെട്ടി എഴുമറ്റൂർ ചാലാപള്ളി പുള്ളോലിതടത്തിൽ വീട്ടിൽ സുബി (28) നെയാണ് ജില്ല പൊലീസ് മേധാവി വി അജിത്ത് ഐപിഎസിന്‍റെ റിപ്പോർട്ടിനെ തുടർന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജിആർ നിശാന്തിനി ഐപിഎസ് ജില്ലയിൽ നിന്നും പുറത്താക്കി ഉത്തരവിറക്കിയത്.
2017 മുതൽ സുബിൻ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയും ക്രമസമാധാനപ്രശ്ങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തുവരികയാണ്. പെരുമ്പെട്ടി പൊലീസ് ഇൻസ്‌പെക്‌ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് ഡിഐജിയുടെ ഉത്തരവ്.
റാന്നി എക്സൈസ് റേഞ്ച് ഓഫിസ്, റാന്നി എക്സൈസ് സർക്കിൾ എന്നിവടങ്ങളിൽ രജിസ്റ്റർ ചെയ്‌ത രണ്ട് കേസുകളിൽ ഇയാളെ കോടതി ശിക്ഷിച്ചിരുന്നു. ഇവയ്ക്ക് പുറമെ പെരുമ്പെട്ടി, കീഴ്‌വായ്‌പ്പൂർ, കോട്ടയം കാഞ്ഞിരപ്പള്ളി എന്നീ പൊലീസ് സ്റ്റേഷനുകളിലായി 5 ക്രിമിനൽ കേസുകളിൽ വിചാരണ നടപടികൾ നടന്നുവരികയാണ്.
കഞ്ചാവ്, വിൽപ്പനക്കായി സൂക്ഷിച്ചതിന് എടുത്ത കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്‌തതും, തുടർന്ന് വിചാരണക്കൊടുവിൽ കോടതി ശിക്ഷിച്ചതും. എക്സൈസ് സംഘത്തിന്‍റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും, പ്രിവെന്‍റിവ് ഓഫിസറെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും സുബിൻ ഉൾപ്പെടെ ആറ് പ്രതികൾക്ക് എതിരെ പെരുമ്പെട്ടി പൊലീസ് കേസെടുത്തിരുന്നു.
സ്ത്രീക്ക് എതിരെയുള്ള അതിക്രമത്തിന് പെരുമ്പെട്ടി പൊലീസ് പിന്നീട് മറ്റൊരു കേസും രജിസ്റ്റർ ചെയ്‌തു. കുട്ടികൾക്ക് വിൽക്കാനായി കഞ്ചാവ് സൂക്ഷിച്ചതിന് കീഴ്വായ്‌പ്പൂർ പൊലീസ് എടുത്ത കേസിലും, കഞ്ചാവ് കൈവശം വച്ചതിന് റാന്നി പൊലീസ് എടുത്ത കേസിലും തുടർന്ന് പ്രതിയായി. സ്ത്രീയെ ആക്രമിച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും കോട്ടയം കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഈ കേസുകളെല്ലാം കോടതിയിൽ വിചാരണയിലാണുള്ളത്.
നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി തീരുകയും ചെയ്‌തതിനെ തുടർന്ന്, പെരുമ്പെട്ടി പൊലീസ് തിരുവല്ല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും, ഇയാൾക്കെതിരെ കോടതി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തിരുന്നു. പ്രതിക്കെതിരെ പൊലീസ് റൗഡി ഹിസ്റ്ററി ഷീറ്റും നിലവിലുണ്ട്. കോടതിയിൽ ഹാജരാകുന്നതിനും, അടുത്ത ബന്ധുക്കളുടെ വിവാഹം മരണം എന്നീ അവസരങ്ങളിലും ജില്ല പൊലീസ് മേധാവിയുടെ മുൻകൂർ രേഖാമൂലമുള്ള അനുമതിയോടെ ജില്ലയിൽ പ്രവേശിക്കാമെന്ന വ്യവസ്ഥയോടെയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുള്ളത്.