വയനാട് : വയനാട് ലോക്‌സഭ സീറ്റ് ഒഴിയാനുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസ് പാർട്ടി കേരളത്തെ ഒരു രാഷ്ട്രീയ എടിഎം ആയി കണക്കാക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപിയുടെ പ്രവചനം സത്യമായി, 'എന്നെന്നേക്കുമായി കാണാതായ' എംപി ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചുകൊണ്ട് ഒടുവിൽ വയനാട് സീറ്റ് ഒഴിയാൻ തീരുമാനിച്ചു. രാഷ്‌ട്രീയ രംഗത്ത് കടുത്ത പ്രതിസന്ധിയിലായിരിക്കുമ്പോൾ വയനാടിനെ തന്‍റെ രണ്ടാം വീടാണെന്ന് വ്യാജമായി അവകാശപ്പെട്ട് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മാത്രമാണ് രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും കേരളത്തിലേക്ക് തിരിഞ്ഞത്.
ചൂഷണം ചെയ്യപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നതിനേക്കാൾ നല്ലത് കേരളത്തിലെ സത്യസന്ധരും സ്നേഹമുള്ളവരുമായ ജനങ്ങൾ അർഹിക്കുന്നു. കോൺഗ്രസിന് കേരളം ഒരു രാഷ്ട്രീയ എടിഎം മാത്രമാണ് എന്നും കെ സുരേന്ദ്രൻ എക്‌സിൽ കുറിച്ചു. അതേസമയം വയനാട്ടിൽ രാഹുൽ ഗന്ധി ഒഴിയുമ്പോൾ രാഹുലിന്‍റെ സഹോദരി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനമായത്.
Also Read : രാഹുൽ വയനാട് വിടും; പകരമെത്തുന്നത് പ്രിയങ്ക - RAHUL GANDHI TO VACATE WAYANAD