എറണാകുളം: ലോക സഭാ തെരെഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. താൻ പൂർണ ആരോഗ്യവാനാണ്. ആരോഗ്യവുമായി ബന്ധപ്പെട്ട കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു. അമേരിക്കയിലെ പരിശോധനയിൽ ആശങ്കകൾ തീർന്നു. മെഡിക്കൽ പരിശോധനക്ക് ശേഷം ആത്മവിശ്വാസം കൂടിയെന്നും കെ സുധാകരൻ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന തീരുമാനമെടുത്തത് ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്തല്ല. പരമാവധി സിറ്റിംഗ് എം പി മാർ തന്നെ മത്സരിക്കും. കണ്ണൂരിലും ആലപ്പുഴയിലും ആര് മത്സരിക്കുമെന്ന് പത്ത് ദിവസത്തിനകം തീരുമാനമെടുക്കും. കോൺഗ്രസിൽ സ്ഥാനാർഥികൾക്ക് ക്ഷാമമില്ല. മത്സരിക്കാൻ കെൽപ്പുള്ള കൊല കൊമ്പൻമാർ തന്നെ പാർട്ടിയിലുണ്ട്. സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്ക് ആശങ്കയില്ല. ലീഗിന്‍റെ അധിക സീറ്റ് ആവശ്യവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ല. ഘടക കക്ഷികളുമായി നല്ല സൗഹൃദത്തിലാണ് കോണ്ഗ്രസ് മുന്നോട്ട് പോകുന്നത്. അവരുമായി സുതാര്യമായ ചർച്ചകൾ നടക്കുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.
എക്സാലോജിക് അന്വേഷണം സത്യ സന്ധമായി പൂർത്തിയാകുമോ എന്ന് സംശയമുണ്ട്. സി പി എം , ബി ജെ പി കൊടുക്കൽ വാങ്ങൽ സജീവമാണ്. അതിന് ഉദാഹരണമാണ് സുരേന്ദ്രനെതിരായ കുഴൽപ്പണ കേസ് ഒത്തുതീർന്നതെന്നും കെ സുധാകരൻ ആരോപിച്ചു.