കണ്ണൂർ: സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും മാറി നിന്ന് മുകേഷ് അന്വേഷണത്തെ നേരിടണമെന്ന് നടി ഗായത്രി വർഷ. സ്ത്രീകൾ പരാതി പറഞ്ഞാലും പരിഗണിക്കപ്പെടാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്നത് മികച്ച അവസരമാണ്. അതിനാൽ പരാതി നൽകാൻ ഇരയായവർ തയ്യാറാവണം. അമ്മ സംഘടനയിൽ റബർ സ്‌റ്റാമ്പായി വനിതകളെ പ്രതിഷ്‌ഠിച്ചിട്ട് കാര്യമില്ലെന്നും ഗായത്രി പറഞ്ഞു.
അതേസമയം നയ രൂപീകരണ സമിതിയിൽ മുകേഷ് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാർ ആണെന്ന് ചലചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണും വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരുമായി ആലോചിച്ച് തീരുമാനമെടുക്കും. എല്ലാവർക്കും കോൺക്ലേവിൽ അവസരം നൽകുമെന്നും എല്ലാവർക്കും പറയാനുള്ള വേദിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര നിലവാരത്തിൽ ആയിരിക്കും കോൺക്ലേവ് ഒരുക്കുക. അഭിപ്രായങ്ങൾ ക്രോഡീകരിച്ചായിരിക്കും കരട് തയ്യാറാക്കി സർക്കാരിന് കൈമാറുകയെന്നും ഷാജി എൻ കരുൺ കൂട്ടിച്ചേർത്തു.
ആരോപണ വിധേയരെ സിനിമ കോൺക്ലെവിൽ നിന്ന് മാറ്റി നിർത്തണമെന്ന് കവി സച്ചിദാനന്ദനും തുറന്നു പറഞ്ഞു. അവർ പങ്കെടുക്കുന്നത് കോൺക്ലെവിന്‍റെ വിശ്വാസ്യതയെ ബാധിക്കും. രഞ്ജിത്തിനെതിരെ കേസെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നു. പരാതിയുണ്ടെങ്കിൽ എത്ര ഉന്നതനായാലും കേസെടുക്കണം. സിനിമ സംഘടനകളിൽ വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും സച്ചിദാനന്ദൻ പറഞ്ഞു.
മുകേഷിനെതിരെ പ്രതികരിച്ച് നടി ഉഷ ഹസീന. മുകേഷിനെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് മാറ്റണമെന്ന് നടി പറഞ്ഞു. വിവാദങ്ങൾ മാധ്യമ സൃഷ്‌ടി എന്ന സുരേഷ് ഗോപിയുടെ വാദം തെറ്റാണ്. ഹേമ കമ്മിറ്റിക്ക് മുമ്പിൽ നിരവധി പേർ മൊഴി നൽകിയിട്ടുണ്ട്.
മുഴുവൻ ആളുകളുടെ പേര് ഇപ്പോഴും പുറത്ത് വന്നിട്ടില്ല. ഇനിയും പേരുകൾ പുറത്തു വരാനുണ്ടെന്നും, ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തവർ പൊലീസിൽ പരാതി നൽകണമെന്നും ഉഷ പറഞ്ഞു.