കോഴിക്കോട് : സമരാഗ്നി വാർത്താസമ്മേളനത്തിനിടെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എത്താൻ വൈകിയതിലുള്ള നീരസത്തിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ നടത്തിയ വിവാദ പ്രയോഗത്തിൽ വിശാല അർത്ഥം കണ്ടെത്തി കെ. മുരളീധരൻ എംപി. അത് മുഴുവനാണെങ്കില്‍ തമിഴ് ഭാഷയിൽ പറയുന്ന പ്രയോഗമാണ്. എന്നാല്‍ ആദ്യത്തെ ഭാഗം മാത്രമാണെങ്കിൽ മൈഡിയർ എന്ന് വിശേഷിപ്പിക്കാമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇതൊന്നും വഴക്കിന്‍റെ ഭാഗമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
‘‘മാധ്യമങ്ങൾ പറയുന്നതുപോലെയാണെങ്കിൽ, കെ.സുധാകരന്‍റെ പ്രയോഗം തമിഴ് ഭാഷയിൽ പറയുന്നൊരു വാചകമാണ്. ആദ്യത്തെ വാചകം മാത്രമാണെങ്കിൽ ‘മൈ ഡിയർ’ എന്നും വിശേഷിപ്പിക്കാം. മുഴുവൻ വാചകമാണ് പറഞ്ഞതെങ്കിൽ അത് തമിഴിൽ പറയുന്നതാണ്. അല്ലെങ്കിൽ ഇംഗ്ലീഷിൽ പറയുന്ന പ്രയോഗമാണ്. അതിനെ ആ രീതിയിൽ കണ്ടാൽ മതി. അതൊന്നും വഴക്കിന്‍റെ ഭാഗമല്ല’’– മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന ‘സമരാഗ്നി’ പ്രക്ഷോഭയാത്രയുടെ ഭാഗമായുള്ള വാർത്താസമ്മേളനത്തിന് കെ. സുധാകരന്‍ വന്ന് പത്തുമിനിറ്റിലേറെ കഴിഞ്ഞും വി.ഡി. സതീശൻ എത്തിയിരുന്നില്ല. അടുത്തിരുന്ന ഡിസിസി പ്രസിഡന്‍റ് ബി. ബാബുപ്രസാദിനോട് ഇതുപറഞ്ഞ് അനിഷ്‌ടം പ്രകടിപ്പിക്കുമ്പോഴായിരുന്നു സുധാകരന്‍റെ അസഭ്യപ്രയോഗം (K Muraleedharan on K Sudhakarans Abusive Language).
മേശപ്പുറത്തുള്ള ചാനൽ മൈക്കുകൾ ഓൺ ആണെന്ന് ബാബുപ്രസാദും വേദിയിലുണ്ടായിരുന്ന കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാനും ഓർമിപ്പിച്ചതോടെ സുധാകരൻ നിശബ്‌ദനായി. സംഭവം ചാനലുകളിൽ വാർത്തയായതോടെ ‘സമരാഗ്നി’യുടെ ഭാഗമായ ജനകീയ ചർച്ചാ സദസ്സിൽനിന്നും സുധാകരൻ നേരത്തേ പോകുകയായിരുന്നു. കെ.സുധാകരന്‍റെ അസഭ്യ പ്രയോഗവും ആന്‍റോ ആന്‍റണി എംപിയുടെ നാക്കുപിഴയും കഴിഞ്ഞ ദിവസങ്ങളില്‍ കോൺഗ്രസിന് വലിയ നാണക്കേട് ആവുകയും ചെയ്‌തു.
അതേസമയം മുസ്ലിം ലീഗിന്‍റെ മൂന്നാം സീറ്റ് വിഷയത്തിൽ പ്രശ്നപരിഹാരമായെന്നും കെ. മുളീധരന്‍ എംപി അറിയിച്ചു. ലീഗ് കോൺഗ്രസ് സഖ്യം നിലനിർത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും ഞാന്‍ തയ്യാറാണ്. 53 വർഷം മുൻപ് മുസ്ലിം ലീഗുമായി സഖ്യം ഉണ്ടാക്കിയത് എന്‍റെ പിതാവ് കെ കരുണാകരനാണ്. അതിന്‍റെ പേരിൽ അദ്ദേഹത്തിന് ഒരുപാട് കല്ലേറ് കിട്ടിയിട്ടുണ്ട്. എൽഡിഎഫ് കൺവീനർ ലീഗിന് വേണ്ടി കണ്ണീരൊഴുക്കേണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. അവർ ആദ്യം ആർ.ജെ.ഡിയുടെ പ്രശ്നം പരിഹരിക്കട്ടെ. കെ.കെ.ശൈലജയുടെ ഹമാസ് വിരുദ്ധ പ്രസ്താവന വടകരയിലെ ആർ എസ് എസ് അന്തർധാരയുടെ സൂചനയാണ്. ഹമാസിനെ കുറിച്ചുള്ള പാർട്ടി നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.