തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ യജമാന്‍മാര്‍ യാത്രക്കാരാണെന്നും കണ്ടക്‌ടര്‍മാര്‍ യാത്രക്കാരോട് സ്‌നേഹത്തോടെ പെരുമാറണമെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയിലെയും സിഫ്റ്റു ബസിലെയും കണ്ടക്‌ടര്‍മാര്‍ക്ക് നല്‍കിയ ഫേസ്ബുക്ക് വീഡിയോ സന്ദേശനത്തിലാണ് മന്ത്രിയുടെ മര്യാദാപൂര്‍വ്വമുള്ള ഉപദേശം.
മന്ത്രിയുടെ ഉപദേശം ഇങ്ങനെ:
സ്‌നേഹ പൂര്‍വ്വം പെരുമാറുക എന്നതിനര്‍ത്ഥം അവരെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തണമെന്നല്ല, മര്യാദപൂര്‍വ്വം പെരുമാറുക എന്നാണെന്ന് മന്ത്രി ഓര്‍മ്മിപ്പിക്കുന്നു. അമ്മമാര്‍, വൃദ്ധജനങ്ങള്‍, കുട്ടികള്‍, ഭിന്ന ശേഷിക്കാര്‍ എന്നിവരോട് പ്രത്യേകിച്ചും. ഇവര്‍ ബസില്‍ കയറിയ ശേഷമേ കണ്ടക്‌ടര്‍മാര്‍ ബെല്ലടിക്കാന്‍ പാടുള്ളൂ. യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങള്‍ ദയവായി ഒഴിവാക്കുക. സ്ത്രീയും പുരുഷന്‍മാരുമായി ബസില്‍ കയറുമ്പോള്‍ അവരുടെ ബന്ധത്തെ കുറിച്ച് അടുത്ത കാലത്ത് ഒരു കണ്ടക്‌ടര്‍ ചോദിച്ച കാര്യം എനിക്കറിയാം.
മദ്യപിച്ചു കൊണ്ട് ഒരു ജീവനക്കാരനും കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്കു വരരുത്. രാത്രി എട്ടുമണിക്കു ശേഷം സൂപ്പര്‍ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള ബസുകള്‍ വനിതകള്‍ ആവശ്യപ്പെടുന്നിടത്തു നിര്‍ത്തണം. നിര്‍ത്തില്ലെന്ന നിര്‍ബന്ധബുദ്ധി കണ്ടടക്‌ടര്‍മാര്‍ ഇന്നു മുതല്‍ ഉപേക്ഷിക്കണം. വാഹനങ്ങൾ കൃത്യ സമയത്തു യാത്ര പുറപ്പെടാനും എത്തുമെന്നു പറയുന്ന സ്റ്റേഷനുകളില്‍ പരാമവധി സമയക്രമം പാലിച്ചെത്താനും പ്രത്യേകം ശ്രദ്ധിക്കണം. ഒരു വണ്ടിക്കു മുന്നിലായി അതേ റൂട്ടില്‍ മറ്റൊരു വണ്ടി യാത്ര നടത്തുകയാണെങ്കില്‍ അക്കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കണം.
സ്വിഫ്‌റ്റിലെ ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ശ്രദ്ധയില്‍പെട്ടിരിക്കുകയാണ്. സ്വിഫ്‌റ്റിലെ കണ്ടക്‌ടര്‍മാരോടും ഡ്രൈവര്‍മാരോടും പ്രത്യേകം ഓര്‍മ്മിപ്പിക്കാനാഗ്രഹിക്കുന്നത് അവര്‍ യാത്രക്കാരോട് മാന്യമായി പെരുമാറണം. ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കരുത്. ആറുമാസങ്ങള്‍ക്കുള്ളില്‍ കെഎസ്ആര്‍ടിസി അടിമുടി മാറുകയാണ്.
ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതി തന്നെ നല്‍കുന്നതിനുള്ള ശ്രമം എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പിന്തുണ തനിക്കുണ്ടെന്നും തന്‍റെ വാക്കുകള്‍ എല്ലാവര്‍ക്കും വിശ്വസിക്കാമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. തന്‍റെ വീഡിയോയ്ക്ക് താഴെ വന്ന് ആരും ശമ്പളം തരൂ ശമ്പളം തരൂ എന്ന് കമന്‍റ് ഇടേണ്ട കാര്യമില്ല. താന്‍ പറഞ്ഞാല്‍ പറഞ്ഞതാണെന്നും ഗണേഷ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
Also Read: കെഎസ്‌ആർടിസി ബസില്‍ സ്വയംഭോഗം; മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയില്‍ 52 കാരൻ പിടിയിൽ