കോട്ടയം: ഇടതു പക്ഷത്തിന് തിരുത്തലുകൾ ആവശ്യമാണെന്ന് ജോസ് കെ മാണി എംപി. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായിട്ടുണ്ട്. ആ ജനവിധി മാനിക്കുന്നു, ഉൾക്കൊള്ളുന്നു. ഇടതുപക്ഷത്തെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. ഇവർ അകന്നിട്ടുണ്ട്. ഇവരുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയരാൻ സാധിച്ചിട്ടില്ലെന്നും അതിനാൽ തിരുത്തലുകൾ ആവശ്യമാണെന്ന് ജോസ് കെ മാണി പറഞ്ഞു.
എന്താണെന്ന് പരിശോധിച്ച് തിരുത്തലുകൾ വരുത്തണം. കൂടിയാലോചനകളിൽ കൂടി വേണം തിരുത്തൽ നടത്താൻ. മുഖ്യമന്ത്രിയുടെ പാലാ പ്രസംഗമാണോ തോമസ് ചാഴിക്കാടൻ്റെ തോൽവിക്ക് കാരണമായത് എന്ന ചോദ്യത്തിന് ഒരു പ്രസംഗം കൊണ്ട് ഒരാൾ തോൽക്കും എന്ന് കരുതുന്നില്ലയെന്നു ജോസ് കെ മാണി മറുപടി നൽകി.
മുന്നണിക്ക് കൂട്ടുത്തരവാദിത്തം ഉണ്ട് എന്നതാണ് പാർട്ടി നിലപാട്. പരാജയത്തിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലായെന്നും ജോസ് കെ മാണി പറഞ്ഞു. മുഖ്യമന്ത്രിയുടെ പാലായിലെ പ്രസംഗമാണ് തോൽവിക്ക് കാരണമെന്ന് തോമസ് ചാഴിക്കാടൻ പാർട്ടി ഉന്നതികാര സമിതി യോഗത്തിൽ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ അതിനെതിരെയാണ് ജോസ് കെ മാണി സംസാരിച്ചത്.
ALSO READ: 'എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്'; ബിനോയ് വിശ്വത്തിന് സോഷ്യൽ മീഡിയയിലൂടെ ഭീഷണി