കോഴിക്കോട്: ഉരുൾപൊട്ടൽ ഉണ്ടായ വയനാട്ടിലെ 108 ഹെക്‌ടർ സ്ഥലം സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്. ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘമാണ് അപകട മുന്നറിയിപ്പ് നൽകുന്ന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ഭാഗികമായി തകർന്ന ചൂരൽമല അങ്ങാടിയും സ്‌കൂൾ റോഡുമടക്കമുള്ള പ്രദേശങ്ങളിൽ അമിത മഴ പെയ്‌താൽ വീണ്ടും അപകട സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
പ്രാദേശികമായി ഉരുൾപൊട്ടൽ സാധ്യത മേഖലകൾ അടയാളപ്പെടുത്തണമെന്നും, മൈക്രോ സോണൽ സർവേ നടത്തണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. ജില്ലയിലേത് ചുവന്ന പശിമരാശി മണ്ണായതിനാൽ ഇനിയങ്ങോട്ട് മണ്ണിടിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഉരുൾപൊട്ടലിന് പിന്നാലെ ഓഗസ്‌റ്റ് 13 നാണ് ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ചൂരൽമലയിലെത്തി പരിശോധന തുടങ്ങിയത്. രണ്ട് ഘട്ടങ്ങളായിട്ടാണ് പരിശോധന പൂർത്തിയാക്കിയത്. മൂന്ന് വാർഡുകളിലായി 108 ഹെക്‌ടർ ഭൂമി സുരക്ഷിതമല്ലെന്നും വാസയോഗ്യമല്ലെന്നും വിലയിരുത്തിയാണ് റിപ്പോർട്ട്.
രണ്ട് ദിവസങ്ങളിലായി പെയ്‌ത 572 മില്ലി മീറ്റർ മഴയാണ് വയനാട് ദുരന്തത്തിന് കാരണമായത്. ഉരുൾപൊട്ടി മണ്ണും പാറയുമടക്കം അമ്പതുലക്ഷം ടൺ അവശിഷ്‌ടമാണ് ഒലിച്ചെത്തിയത്. അപകടത്തിന്‍റെ വ്യാപ്‌തി വർധിപ്പിക്കാൻ ഇത് കാരണമായി.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി പരിഗണനയിലുള്ള സഥലങ്ങളിൽ സമിതി ഒരിക്കൽകൂടി പരിശോധന നടത്തും. റിപ്പോർട്ട് പരിഗണിച്ചായിരുക്കും സർക്കാർ പുനരധിവാസം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.