കോഴിക്കോട് : ഒടിടി സ്ട്രീമിങ് സർവീസ് സ്ഥാപനത്തിൽ താത്‌കാലിക ജോലിയിലൂടെ കൂടുതൽ പണം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് 5.86 ലക്ഷം തട്ടിയെടുത്ത കേസില്‍ മൂന്നു പേർ പിടിയിൽ. കൊയിലാണ്ടി നടേരി മുത്താമ്പി കിഴക്കേ പറയച്ചാൽ അനസ് (33), നടേരി തെക്കേടത്ത് കണ്ടി സാദിഖ് (35), കൈതപ്പൊയിൽ പടിഞ്ഞാറെ തൊടികയിൽ ഷിബിലി (27) എന്നിവരെയാണ് താമരശ്ശേരി പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്.
ടെലഗ്രാം അക്കൗണ്ട് വഴി കോൺ ടിവിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പല തവണയായി 5,86,200 രൂപ തട്ടിയെടുത്തെന്ന് കാണിച്ച് താമരശ്ശേരി കുടുക്കിലമ്മാരം സ്വദേശി നൽകിയ പരാതിയിലാണ് നടപടി. കമ്മിഷൻ നൽകി മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ വാങ്ങി, ഇതുവഴി സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.
കേസിൽ പിടിയിലായ അനസിൻ്റെ പക്കൽ നിന്ന് 5.25 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി താമരശ്ശേരി ജെഎഫ് സി എം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. താമരശ്ശേരി പൊലീസ് ഇൻസ്പെക്‌ടര്‍ കെ ഒ പ്രദീപ്, പ്രിൻസിപ്പൽ എസ് ഐ സജേഷ്, സി ജോസ് എന്നിവർ നേതൃത്വം നൽകി.