തിരുവനന്തപുരം : ജെസ്‌ന തിരോധാനക്കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാകും. ജെസ്‌നയുടെ പിതാവ് ജെയിംസ് ഉന്നയിച്ച ആരോപണങ്ങളിൽ വിശദീകരണം തേടാനാണ് സിബിഐ അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.
ജെസ്‌നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നുവെന്ന പിതാവിന്‍റെ മൊഴിയിൽ വ്യക്തത വരുത്താനാണ് അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാൻ കോടതി നിർദേശിച്ചത്. കഴിഞ്ഞ ദിവസം ജെയിംസ്, ജെസ്‌ന ജീവിച്ചിരിപ്പില്ലെന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. മാത്രമല്ല ജെസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരം തന്‍റെ കൈയിലുണ്ടെന്നും ജെയിംസ് കോടതിയെ അറിയിച്ചിരുന്നു.
ജെസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ച് താൻ വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ലെന്നും സുഹൃത്ത് അറിയാതെ രഹസ്യ സ്വഭാവത്തോടെ സിബിഐ അന്വേഷിക്കാൻ തയ്യാറായാൽ വിവരം നൽകാമെന്നും ജെയിംസ് സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജെസ്‌നയുടെ പിതാവ് ഇന്ന് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് വിവരം.