തിരുവനന്തപുരം : ജെസ്‌നയുടെ തിരോധാനത്തില്‍, കേസ് ഫയൽ കോടതിയിൽ നിന്നെടുത്ത് പഠിച്ച് അന്വേഷണ സംഘം പോകാത്ത കാര്യങ്ങളിലേക്ക് തങ്ങള്‍ എത്തിയെന്ന് പിതാവ് ജെയിംസ്. 'അവർ ചിന്തിക്കാത്ത പോയിന്‍റിലേക്ക് ഞങ്ങൾ എത്തി. ജെസ്‌നയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങൾ ലോക്കൽ പൊലീസ് അന്വേഷിച്ചപ്പോൾ കൊടുത്തതാണ്. ഇത് അടുത്ത അന്വേഷണ സംഘങ്ങളെ ഏൽപ്പിക്കും എന്നായിരുന്നു കരുതിയിരുന്നത്.
തന്‍റെ അഭിഭാഷകൻ അന്വേഷണ സംഘം എത്തിപ്പെടാത്ത കാര്യങ്ങളെക്കുറിച്ച് കോടതിയിൽ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേസ് 23-ാം തീയതിയിലേക്ക് മാറ്റിയതായും ജെയിംസ് പറഞ്ഞു. സഹപാഠിയായ സുഹൃത്തിനെ കുറിച്ചല്ല മറ്റൊരു കൂട്ടുകാരനെ കുറിച്ചാണ് തങ്ങൾ ഇപ്പോൾ പറയുന്നത്.
സഹപാഠിയായ സുഹൃത്ത് തെറ്റുകാരൻ അല്ല. അജ്ഞാതനായ സുഹൃത്തിനെ കുറിച്ച് ഇപ്പോൾ പറയാൻ പറ്റില്ല എന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങൾ എത്തിപ്പെട്ട കാര്യങ്ങളിലേക്ക് സിബിഐ എത്തിയാൽ അജ്ഞാത സുഹൃത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നത് ആലോചിക്കാം എന്നും ജെയിംസ് പറഞ്ഞു.
ആ സമയം കോടതിക്ക് താൻ തെളിവുകൾ കൈമാറും. കോടതിയിൽ നിന്ന് അന്വേഷണ ഫയൽ വാങ്ങിയിട്ട് മൂന്ന് മാസമേ ആയുള്ളൂ. അതിനുശേഷം തങ്ങൾ നടത്തിയ അന്വേഷണത്തിലാണ് അജ്ഞാത സുഹൃത്തിനെ കുറിച്ച് മനസിലാക്കിയത്. ജെസ്‌ന ചില വ്യാഴാഴ്‌ചകളിൽ കോളജിൽ എത്തിയിരുന്നില്ല. അതേസമയം വ്യാഴാഴ്‌ച ജെസ്‌ന പ്രാർഥിക്കാൻ പോയിരുന്നെന്ന വാദത്തിൽ ഉറച്ച് നില്‍ക്കുകയുമാണ് ജെയിംസ്. കൃത്യമായ തെളിവുകൾ തന്‍റെ കൈവശമുണ്ടെന്നും അദ്ദേഹം പറയുന്നു.