എറണാകുളം: വർഷം 1998.... കൃത്യമായി പറഞ്ഞാൽ 25 വർഷങ്ങൾക്ക് മുമ്പാണ് ജപ്പാനിലെ ടോക്കിയോ സ്വദേശിയായ ഹിരോമി മറുഹാഷി ഭാരതത്തിൽ എത്തുന്നത്. ഇന്‍റർനെറ്റോ മറ്റ് വാർത്താവിനിമയ സംവിധാനങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് പുസ്‌തകങ്ങളിലൂടെയാണ് ഹിരോമി ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും മനസിലാക്കുന്നത്. സമകാലിക നർത്തകിയായിരുന്ന ഹിരോമിയുടെ ലക്ഷ്യം ഇവിടുത്തെ തനത് കലാരൂപങ്ങളെ കുറിച്ച് പഠിക്കുക, അത് സ്വായത്തമാക്കുക എന്നുള്ളതായിരുന്നു.
പിൽക്കാലത്ത് ജപ്പാൻ സ്വദേശിയായ ഈ പെൺകുട്ടി മോഹിനിയാട്ടം അന്തസത്തയോടുകൂടി അവതരിപ്പിക്കുന്നത് കണ്ട് കേരളക്കരയും ജപ്പാനും അത്ഭുതപ്പെട്ടു. ആദ്യം പഠിച്ചത് നങ്ങ്യാർകൂത്താണ്. മാർഗി സതിയുടെ കീഴിലായിരുന്നു പഠനം. തുടർന്ന് കളരിപ്പയറ്റ്, ഭരതനാട്യം തുടങ്ങിയ മേഖലകളും കയ്യടക്കി.
പിൽക്കാലത്ത് കലാമണ്ഡലം ലീലാമ്മ ടീച്ചറുടെ ശിഷ്യയായി മാറി. മോഹിനിയാട്ടത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയത് അതിനുശേഷമാണ്. ഇന്ത്യയിലും വിദേശത്തുമായി ആയിരത്തോളം വേദികളിൽ ഇതിനോടകം ഹിരോമി പ്രകടനം കാഴ്‌ചവച്ചു. ജപ്പാനോളം ഇഷ്‌ടമാണ് കേരളത്തെ. ഇവിടുത്തെ ആൾക്കാരോട് അതിലേറെ ഇഷ്‌ടം.
മലയാളം സംസാരിക്കാനും എഴുതാനും അറിയാം. ആദ്യകാലത്ത് കേരളത്തിൽ എത്തുമ്പോൾ ഭാഷ വലിയ പ്രശ്‌നം തന്നെയായിരുന്നു. ആംഗ്യഭാഷയിലാണ് ആശയവിനിമയം നടത്തിയിരുന്നത്. നൃത്തത്തിൽ മുദ്രകൾ കാണിക്കുന്നതുപോലെ. പിന്നീട് പതുക്കെ പതുക്കെ മലയാളം പഠിക്കാൻ ആരംഭിച്ചു.
ടോക്കിയോയിൽ രേഖ എന്നൊരു മലയാളി സുഹൃത്ത് തൊട്ടടുത്ത് താമസിക്കുന്നുണ്ട്. എല്ലാദിവസവും തന്നെ മലയാളം പഠിപ്പിച്ചത് രേഖയാണ്. മലയാളം ഒരു പരിധിവരെ വൃത്തിയിൽ സംസാരിക്കുമെന്നും ഹിരോമി പറയുന്നു. പണത്തിന് വേണ്ടിയോ വലിയ പ്രശസ്‌തിക്ക് വേണ്ടിയോ അല്ല ഇനിയുള്ള ജീവിതവും തുടർ ലക്ഷ്യങ്ങളും. മികച്ച ഒരു കലാകാരിയായി മാറണമെന്നാണ് ഹിരോമിയുടെ ആഗ്രഹം.
മോഹിനിയാട്ടം ഇതുവരെയും പൂർണമായി ഉൾക്കൊള്ളാൻ ആയിട്ടില്ല. മരണം വരെയും പഠനം തുടരും. തന്‍റെ പ്രകടനം കണ്ട് ഏറ്റവും കൂടുതൽ അത്ഭുതപ്പെട്ടിട്ടുള്ളത് ജപ്പാൻകാരാണ്. അവരുടെ പ്രോത്സാഹനം ഒരിക്കലും മറക്കാനാകില്ല. തന്‍റെ ഭർത്താവ് കലാ ജീവിതത്തിന് പൂർണ പിന്തുണ നൽകുന്നുവെന്നും ഹിരോമി പറയുന്നു.
കേരളത്തിന്‍റെയും ജപ്പാന്‍റേയും സംസ്‌കാരം ഏകദേശം ഒരു പോലെയാണ്. അതുകൊണ്ടുതന്നെ കേരളം മറ്റൊരു ദേശമാണെന്ന് തോന്നിയിട്ടില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേദികളിൽ മോഹിനിയാട്ടം അവതരിപ്പിച്ചത് സൂര്യ കൃഷ്‌ണ മൂർത്തിയുടെ സൂര്യ ഫെസ്റ്റിവലുകളിലാണ്.
ജപ്പാനിൽ താൻ ഉടൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടം ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള വിവരശേഖരണത്തിനാണ് ഹിരോമി കേരളത്തിൽ എത്തിയത്. പച്ചനിറത്തിലുള്ള കേരള സാരിയുടുത്ത് ഒരു തനി മലയാളിയെ പോലെ ഹിരോമി മറുഹാഷി ഇടിവി ഭാരതിനോട് പ്രതികരിച്ചു.