ഇടുക്കി : കഴിഞ്ഞ മാർച്ച് ഒന്നിന് എസ്റ്റേറ്റ് പൂപ്പാറയിൽ വില്ലേജ് ഓഫസിന് സമീപം മൈതാനത്ത് സൂക്ഷിച്ചിരുന്ന 70 കിലോമീറ്റർ നീളമുള്ള പൈപ്പ് കത്തി നശിച്ചിരുന്നു. നെടുങ്കണ്ടം, മൂന്നാർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകളും നാട്ടുകാരും ചേർന്ന് രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്. ജല വിഭവ വകുപ്പ് അധികൃതർ പറയുന്നതനുസരിച്ച് 2.60 കോടി രൂപയുടെ പൈപ്പുകളാണ് കത്തി നശിച്ചത്. പൈപ്പുകള്‍ കത്തിനശിച്ചതോടെ രാജകുമാരി, ശാന്തൻപാറ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിയുടെ നിർമാണം മുടങ്ങി.
പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്നതിന് റോഡുകളുടെ ഇരുവശവും കാനകൾ തീർത്തിരുന്നു. ഗ്രാമീണ കോൺക്രീറ്റ് റോഡുകളും ടാറിങ് റോഡുകളും കുത്തിപൊളിച്ചാണ് പൈപ്പുകൾ സ്ഥാപിച്ചത്. ഒരു മാസത്തിനകം പുനർനിർമിച്ചു നൽകാം എന്ന വ്യവസ്ഥയിലാണ് റോഡുകൾ കുത്തിപ്പൊളിച്ചത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും റോഡുകൾ പുനർനിർമിക്കാനോ കുടിവെള്ള പദ്ധതിയുടെ നിർമാണം പൂർത്തികരിക്കാനോ നടപടിയുണ്ടായില്ല എന്നാണ് ആക്ഷേപം.
മഴക്കാലമായതോടെ ഈ റോഡുകളിലൂടെയുള്ള സഞ്ചാരം ദുർഘടമായിരിക്കുകയാണ്. റോഡുകൾ പുനഃസ്ഥാപിക്കാനുളള നടപടി മാസങ്ങളായിട്ടും സ്വീകരിച്ചിട്ടില്ല എന്നും നാട്ടുകാര്‍ പറയുന്നു. എറണാകുളം സ്വദേശിയാണ് ജലജീവൻ പദ്ധതിയുടെ ഭാഗമായി ശാന്തൻപാറ, രാജകുമാരി പഞ്ചായത്തുകളിലെ പൈപ്പുകൾ സ്ഥാപിക്കാൻ കരാർ എടുത്തിരുന്നത്.
കത്തി നശിച്ച പൈപ്പുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നില്ല. പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പൈപ്പ് കത്തിയതിന്‍റെ നഷ്‌ടം വഹിക്കേണ്ടത് ആരാണ് എന്ന കാര്യത്തിൽ ജല വിഭവ വകുപ്പിന് അന്തിമ തീരുമാനമെടുക്കാൻ കഴിയൂ. സംഭവത്തിൽ റവന്യൂ, ഫയർഫോഴ്‌സ് വകുപ്പുകൾ ജല വിഭവ വകുപ്പിന് റിപ്പോർട്ട് നൽകിയെങ്കിലും പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിക്കാത്തതിനാൽ തുടർനടപടികൾ വൈകുകയാണ്.
ALSO READ: പ്രതികൂല കാലാവസ്ഥക്ക് ഒപ്പം വന്യമൃഗ ശല്യവും; ദുരിതത്തില്‍ ഇടുക്കിയിലെ കര്‍ഷകര്‍