മലപ്പുറം : ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിനിടെ മര്‍ദ്ദനവും വംശീയാധിക്ഷേപവും നേരിട്ട സംഭവത്തില്‍ മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി ഐവറികോസ്റ്റ് താരം. അരീക്കോട് ചെമ്രക്കാട്ടൂരില്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ് ഐവറികോസ്റ്റ് താരം ഹസന്‍ ജൂനിയറിന് കാണികളുടെ മര്‍ദ്ദനമേറ്റത്. കാണികള്‍ വംശീയാധിക്ഷേപം നടത്തി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ താരം ഇത് ചോദ്യം ചെയ്‌തതാണ് അക്രമത്തില്‍ കലാശിച്ചത്.
താരത്തിനെ ബ്ലാക്ക് മങ്കി എന്ന് വിളിച്ചും ചിലര്‍ കല്ലെടുത്ത് എറിഞ്ഞുമാണ് വംശീയമായി അധിക്ഷേപിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഹസന്‍ ജൂനിയറിനെ സംഘം ചേര്‍ന്ന് ആക്രമിച്ചുവെന്നും പരാതിയിലുണ്ട്. സംഘര്‍ഷത്തിന്‍റെ വീഡിയോ ഉള്‍പ്പടെ ഹാജരാക്കിയാണ് ഹസന്‍ ജൂനിയര്‍ മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
സംഭവത്തില്‍ ഐവറി കോസ്റ്റ് എംബസിക്കും പരാതി നല്‍കുമെന്ന് ഹസന്‍ ജൂനിയര്‍ പ്രതികരിച്ചു. പ്രാദേശിക കൂട്ടായ്‌മയായ ടൗണ്‍ ടീം ചെമ്രക്കാട്ടൂര്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിനിടെയായിരുന്നു സംഭവം.