എറണാകുളം : ഇന്ത്യയിലെ ആദ്യ ജെനറേറ്റീവ് എഐ അന്താരാഷ്ട്ര കോണ്‍ക്ലേവിന് കൊച്ചിയില്‍ പ്രൗഡഗംഭീര തുടക്കം. ഉദ്ഘാടന വേദിയുടെ തത്സമയ ചിത്രം നിർമിത ബുദ്ധിയുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്‌തത്. സാങ്കേതിക വിദ്യയിൽ രാജ്യത്തിന്‍റെ ജീവനാഡിയാകാൻ കേരളത്തിന് കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനികൾക്ക് സർക്കാർ പൂർണ സഹകരണം നൽകുമെന്നും മുഖ്യമന്ത്രി കോണ്‍ക്ലേവില്‍ പറഞ്ഞു. ജനറേറ്റീവ് എഐയുടെ ഹബ്ബായി സംസ്ഥാനത്തെ മാറ്റുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സർക്കാർ ഐബിഎമ്മുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ കോണ്‍ക്ലേവിൽ ജെന്‍ എഐ മേഖലയില്‍ നിന്നുള്ള അന്താരാഷ്ട്ര വിദഗ്‌ധര്‍,
വ്യവസായ പ്രമുഖർ, ഐടി സംരംഭകർ എന്നിവരാണ് പങ്കെടുക്കുന്നത്.
വിദഗ്‌ധരുടെ പാനൽ ചർച്ചകൾ, സംവാദങ്ങള്‍ എന്നിവയാണ് സമ്മേളനത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുക. നിർമിത ബുദ്ധിയുടെ പുതിയ സാധ്യതകൾ, സമ്പദ് വ്യവസ്ഥയിലെ സ്വാധീനം എന്നിവ കോൺക്ലേവിലെ ചർച്ച വിഷയങ്ങളാകും. വ്യവസായ വകുപ്പ് മന്ത്രി പി രാജിവ് ഉൾപ്പടെ നിരവധി പ്രമുഖർ പരിപാടിയിൽ സംസാരിച്ചു. വെള്ളിയാഴ്‌ച വൈകുന്നേരം കോൺ ക്ലേവ് സമാപിക്കും.
Also Read: സാൻ ഫെർണാണ്ടോ ബെർത്തിൽ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കണ്ടെയ്‌നർ ഇറക്കാൻ തുടങ്ങി