എറണാകുളം : നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിലെ പ്രതിഷേധത്തിനിടെ അറസ്റ്റിലായ കോൺഗ്രസ് നേതാക്കൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, എംഎല്‍എ മാത്യു കുഴൽ നാടന്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നേതാക്കള്‍ക്ക് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്.
ഇരുവരും ഇന്ന് (മാര്‍ച്ച് 5) രാവിലെ 11 മണിയോടെ വീണ്ടും കോടതിയില്‍ ഹാജരാകണം. തിങ്കളാഴ്‌ച (മാര്‍ച്ച് 4) രാത്രി 10.30 ഓടെയാണ് നാടകീയമായി പൊലീസ് നേതാക്കളെ അറസ്റ്റുചെയ്‌തത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എംഎല്‍എമാരായ മാത്യു കുഴല്‍നാടനും എല്‍ദോസ് കുന്നപ്പിള്ളിലും കോതമംഗലത്ത് അനിശ്ചിതകാല ഉപവാസം ആരംഭിച്ചിരുന്നു. ഈ സമരത്തിനിടയിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്‌തത്.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും എടുത്ത് കൊണ്ടുപോയാണ് സംഘം സമരം നടത്തിയത്. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിൽ പൊലീസിനെ തളളിമാറ്റിയാണ് മൃതദേഹം കൊണ്ടുപോവുകയും പ്രതിഷേധിക്കുകയും ചെയ്‌തത്. ഇതിൻ്റെ തുടർച്ചയായാണ് എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിലും മാത്യു കുഴൽ നാടനും കോതമംഗലത്ത് ഉപവാസ സമരം തുടങ്ങിയത്.
ഇവിടെ നിന്നും സമീപത്തെ കടയിൽ എത്തി ചായ കുടിക്കുന്നതിനിടെയായിരുന്നു ബലപ്രയോഗത്തിലൂടെ ഡിസിസി പ്രസിഡൻ്റ് ഷിയാസിനെ അറസ്റ്റ് ചെയ്‌തത്. അതിന് തൊട്ടുപിന്നാലെ മാത്യു കുഴൽ നാടൻ എംഎൽഎയും അറസ്റ്റ് ചെയ്യപ്പെട്ടു. തുടർന്ന് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതിഷേധം കടുപ്പിച്ച് രംഗത്തെത്തി.
അതേസമയം, ഇന്നും പ്രതിഷേധം ശക്തമായി തുടരാനാണ് കോൺഗ്രസ് തീരുമാനം. നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പാതിരാത്രിയും കൊച്ചി നഗരത്തിൽ ഉൾപ്പടെ കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കോതമംഗലത്ത് എംഎൽഎമാരുടെ പ്രതിഷേധവും തുടരുകയാണ്.