കണ്ണൂര്‍: മലബാര്‍ മേഖലയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള പ്രധാന ട്രെയിനുകളില്‍ ഒന്നാണ് കണ്ണൂര്‍-യശ്വന്ത്പുര്‍ എക്‌സ്‌പ്രസ്. പ്രതിദിന സര്‍വീസ് നടത്തുന്ന ഈ ട്രെയിനെ നിരവധി പേരാണ് ആശ്രയിക്കുന്നത്. 14 മണിക്കൂറില്‍ 600 ല്‍ അധികം കിലോമീറ്ററില്‍ അധികം ദൂരം പിന്നിടുന്ന ട്രെയിനിലെ തിരക്ക് ഒഴിവാക്കാനായി റെയില്‍വെ കൊണ്ടുവരാൻ പോകുന്ന ഒരു ഇപ്പോള്‍ യാത്രക്കാരിൽ കടുത്ത അതൃപ്‌തിയാണ് ഉളവാക്കുന്നത്.
രാത്രി ഓടുന്ന ട്രെയിന്‍റെ സ്ലീപ്പര്‍ ക്ലാസുകളുടെ എണ്ണം വെട്ടിക്കുറയ്‌ക്കുക എന്നതാണ് തിരക്ക് ഒഴിവാക്കാനായി റെയില്‍വേ കണ്ടെത്തിയ മാര്‍ഗം. രണ്ട് സ്ലീപ്പര്‍ കോച്ചുകളാണ് സതേണ്‍ റെയില്‍വേ ട്രെയിനില്‍ നിന്നും ഒഴിവാക്കാൻ ഒരുങ്ങുന്നത്. ഇതിന് പകരം രണ്ട് ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തും. ഇതോടെ, ട്രെയിനിലെ ജനറല്‍ കോച്ചുകളുടെ എണ്ണം നാളായി ഉയരുകയും സ്ലീപ്പര്‍ ക്ലാസുകളുടെ എണ്ണം ഒൻപത് ആയി കുറയുകയും ചെയ്യും.
സാധാരണ ദിവസങ്ങളിൽ പോലും ഈ ട്രെയിനിൽ സ്ലീപ്പർ ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാണെന്ന് യാത്രക്കാർ പറയുന്നു. യാത്ര ചെയ്യേണ്ട തീയതിക്ക് ആഴ്‌ചകൾക്ക് മുൻപ് ബുക്ക് ചെയ്യാൻ ശ്രമിച്ചാലും പലപ്പോഴും വെയ്റ്റിങ് ലിസ്‌റ്റിൽ ആകാറാണ് പതിവ്. ഈ സാഹചര്യത്തിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിച്ചുരുക്കുന്നത് രാത്രിയാത്ര ദുരിതപൂർണമാക്കുമെന്നും യാത്രക്കാർ ആശങ്കപ്പെടുന്നു .
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കണ്ണൂരില്‍ നിന്ന് എല്ലാ ദിവസവും വൈകുന്നേരം 06.05-നാണ് ട്രെയിൻ നമ്പര്‍ 16528 കണ്ണൂര്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസ് പുറപ്പെടുന്നത്. അടുത്ത ദിവസം രാവിലെ 7.50 ഓടെ യശ്വന്ത്പൂരിലെത്തും. അതിരാവിലെ ബെംഗളൂരുവിൽ എത്തും എന്നതിനാൽ ഐടി മേഖലയിലടക്കം ജോലിചെയ്യുന്ന മലയാളികൾക്ക് ഏറെ സഹായകമാണ് ഈ ട്രെയിൻ. രാവിലെ സ്ലീപ്പർ കോച്ചിൽ ഉറങ്ങി സുഖകരമായി ബെംഗളൂരുവിലെത്തി അന്നേ ദിവസം യാത്രാക്ഷീണമില്ലാതെ തന്നെ ജോലിയിൽ പ്രവേശിക്കാം എന്നതാണ് ഈ ട്രെയിനിന്‍റെ സവിശേഷത.
കണ്ണൂര്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസില്‍ സ്ഥിരം യാത്ര ചെയ്യുന്ന പലരും റെയില്‍വേയുടെ പുതിയ നീക്കത്തെ അപ്രായോഗികമായാണ് കാണുന്നത്. സ്ഥിരം യാത്രക്കാരെയും ജോലി ചെയ്യുന്ന പ്രൊഫഷണലുകളെയും വിദ്യാര്‍ഥികളെയുമാകും റെയില്‍വേയുടെ തീരുമാനം കൂടുതലായി ബാധിക്കുക. കോച്ചുകളുടെ എണ്ണം കുറയുന്നതോടെ മുൻകൂട്ടി ബുക്ക് ചെയ്‌താലും ടിക്കറ്റ് കണ്‍ഫോം ആകാൻ സാധ്യത കുറയുമെന്ന ആശങ്കയും പലരും പ്രകടിപ്പിക്കുന്നുണ്ട്.
'ബെംഗളൂരു യാത്രയ്‌ക്ക് ഞാൻ ഈ ട്രെയിനിനെയാണ് സ്ഥിരമായി ആശ്രയിക്കുന്നത്. ഇപ്പോൾ തന്നെ സ്ലീപ്പർ കോച്ചിൽ ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ സ്ലീപ്പർ കോച്ചുകൾ കുറച്ചാൽ യാത്ര നരകതുല്യമാകും'-ട്രെയിനിൽ സ്ഥിരം യാത്രക്കാരനായ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ രാജേഷ് പറയുന്നു.
ബെംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി ജോസിനും ഇതേ അഭിപ്രായമാണുള്ളത്. 'അവധി ദിവസങ്ങളില്‍ ഞാൻ കണ്ണൂരിലേക്ക് യാത്ര ചെയ്യാറുണ്ട്. പലപ്പോഴും ഈ ട്രെയിനെയാണ് യാത്രയ്‌ക്കായി തെരഞ്ഞെടുക്കുന്നത്. സ്ലീപ്പര്‍ കോച്ചുകളില്‍ പോലും ഇപ്പോള്‍ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് ഉള്ളത്. അപ്പോഴാണ് കോച്ചുകളുടെ എണ്ണം കുറയ്‌ക്കുന്നത്. ഈ തീരുമാനം വളരെ നിരാശാജനകമാണ്'.
ഇന്ത്യൻ റെയില്‍വേ തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം പല ഭാഗത്ത് നിന്നും ഉയര്‍ന്നിട്ടുണ്ട്. കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്‌പ്രസ് പോലെ രാത്രികാലങ്ങളില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ റിസർവ് ചെയ്‌തതും റിസർവ് ചെയ്യാത്തതുമായ സീറ്റുകൾ സന്തുലിതമാക്കേണ്ടതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് സ്ലീപ്പര്‍ കോച്ചുകള്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യം യാത്രക്കാര്‍ ഉന്നയിക്കുന്നത്.
Also Read: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പണം ലാഭിക്കാം; ചില നുറുങ്ങുവഴികൾ ഇതാ...