ഭഗല്‍പൂര്‍ : ഇന്ത്യന്‍ ഭരണഘടനയെ ഇല്ലാതാക്കാനുള്ള ഭരണകക്ഷിയായ ബിജെപിയുടെ ശ്രമം ഇന്ത്യ സഖ്യം ചെറുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ഭഗല്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാറില്‍ ആദ്യമായാണ് രാഹുല്‍ പ്രചാരണത്തിനിറങ്ങുന്നത്.
കേവലഭൂരിപക്ഷത്തിന് മുകളില്‍ തങ്ങള്‍ സീറ്റുകള്‍ സ്വന്തമാക്കുമെന്ന ബിജെപിയുടെ അവകാശവാദത്തെയും രാഹുല്‍ പരിഹസിച്ചു തള്ളി. അവര്‍ 150 കടക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ പോരാട്ടം. രാജ്യത്തെ പാവങ്ങള്‍ക്കും ദളിതര്‍ക്കും ഗിരവര്‍ഗക്കാര്‍ക്കും എന്താണ് ലഭിച്ചതെല്ലാം ഭരണഘടന നിലനില്‍ക്കുന്നത് കൊണ്ടാണെന്നും ഭരണഘടന ഇല്ലാതായാല്‍ എല്ലാം അവസാനിക്കുമെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
അതിസമ്പന്നരുടെ സര്‍ക്കാരാണ് നരേന്ദ്ര മോദിയുടേതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ എഴുപത് ശതമാനം വരുന്ന ജനസംഖ്യയ്ക്ക് തുല്യമായ പണം കേവലം 22 പേര്‍ കയ്യടക്കിയിരിക്കുന്നു. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങളെക്കുറിച്ചും രാഹുല്‍ വിശദീകരിച്ചു. അഗ്നിവീര്‍ പദ്ധതി ഇല്ലാതാക്കുന്നത് അടക്കമുള്ള വാഗ്‌ദാനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്നത്.