തിരുവനന്തപുരം : രാജ്യത്ത് പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇന്ത്യൻ പീനൽ കോഡിന് (ഐപിസി) പകരം ഭാരതീയ ന്യായ സൻഹിത (ബിഎന്‍എസ്) ആണ് ഇനിയുണ്ടാവുക. അന്വേഷണത്തിലും വിചാരണയിലും കോടതി നടപടികളിലും സാങ്കേതിക വിദ്യയ്ക്ക് പ്രാധാന്യം നൽകുന്ന ഈ പുതിയ ക്രിമിനൽ നിയമങ്ങളുടെ വകുപ്പുകളിലും ശിക്ഷകളിലും മാറ്റം വന്നിട്ടുണ്ട്. ഐപിസിയുടെ 511 വകുപ്പുകൾക്ക് പകരം ഇനി ഭാരതീയ ന്യായ സംഹിതയിൽ 358 വകുപ്പുകളുണ്ടാകും.
ന്യായ സൻഹിതയിൽ ആകെ 20 പുതിയ കുറ്റകൃത്യങ്ങൾ ചേർത്തിട്ടുണ്ട്. 33 കുറ്റകൃത്യങ്ങൾക്കുള്ള തടവുശിക്ഷയും വർധിപ്പിച്ചിട്ടുണ്ട്. പ്രധാനമായും സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, തീവ്രവാദം എന്നിവയ്‌ക്ക് നിർവചനം നൽകുന്ന നിയമമാണ് ബിഎന്‍എസ്. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന രീതിയിൽ ന്യായ സൻഹിതയിൽ ശിക്ഷയും വർധിപ്പിച്ചിട്ടുണ്ട്. ഐപിസിയുടെ പല വകുപ്പുകളും ന്യായ സംഹിതയിൽ മാറിയിട്ടുണ്ട്. ഇത്തരത്തിൽ മാറ്റങ്ങൾ വന്ന ഐപിസിയിലെ പ്രധാന വകുപ്പുകളാണ് താഴെ പരാമർശിച്ചിരിക്കുന്നത്.
കൊലപാതക കുറ്റത്തിനുള്ള ശിക്ഷ വിധി നിര്‍ദേശിക്കുന്ന ഐപിസി 302, ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്)യില്‍ 103-ാം വകുപ്പാണ്. മനപൂര്‍വമല്ലാത്ത നരഹത്യക്കുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി 304 എ ഭാരതീയ ന്യായ സംഹിതയില്‍ 106-ാം വകുപ്പാണ്.
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട കുറ്റവും ശിക്ഷയും വിശദീകരിക്കുന്ന ഐപിസി 304(ബി) ബിഎന്‍എസ് 80-ാം വകുപ്പായി. ആത്മഹത്യ പ്രേരണയുമായി ബന്ധപ്പെട്ട കുറ്റം ശിക്ഷ എന്നിവ വിവരിക്കുന്ന ഐപിസി 306, ബിഎന്‍എസ് 108-ാം വകുപ്പായി.
വധോദ്യമവുമായി ബന്ധപ്പെട്ട ഐപിസി 307 (വധശ്രമം), ബിഎന്‍എസിൽ 108-ാം വകുപ്പാണ്. ആത്മഹത്യ ശ്രമം കുറ്റകരമാക്കുന്ന ഐപിസി 309-ാം വകുപ്പിന് പകരം ബിഎന്‍എസ് 226-ാം വകുപ്പായി മാറി, പുതിയ ഒരു ഇനം കൂട്ടിച്ചേര്‍ത്തു. നിയമപരമായുള്ള ഏതെങ്കിലും ഔദ്യോഗിക പ്രവൃത്തി തടയാനുള്ള ഉദ്ദേശത്തോടെ നടത്തുന്ന ആത്മഹത്യ ശ്രമങ്ങള്‍ കുറ്റകരമാക്കി.
സ്ത്രീത്വത്തെ അപമാനിക്കല്‍, അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നിവയെക്കുറിച്ച് വിവരിക്കുന്ന ഐപിസി 509 ഭാരതീയ ന്യായ സംഹിതയില്‍ 79-ാം വകുപ്പാണ്. ആക്രമിച്ച് പരിക്കേല്‍പ്പിക്കലുമായി ബന്ധപ്പെട്ട കുറ്റം ശിക്ഷ എന്നിവ പ്രതിപാദിക്കുന്ന ഐപിസി 323 വകുപ്പ് ബിഎന്‍എസ് 115-ാം വകുപ്പാണ്.
ഒരു സംഘമാളുകള്‍ ബോധപൂര്‍വം ചെയ്യുന്ന ക്രിമിനല്‍ പ്രവൃത്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷന്‍ 34 ബിഎന്‍എസ് സെക്ഷന്‍ 3(5) ആയി.
മാരകായുധങ്ങള്‍ ഉപയോഗിച്ച് മറ്റൊരാളെ അപായപ്പെടുത്തുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ചുള്ള ഐപിസി 324, 325, 326 വകുപ്പുകള്‍ ഐപിസി 118(1), 118(2), 118(3) വകുപ്പുകളായി മാറി.
മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലുള്ള അശ്രദ്ധമായ പ്രവൃത്തിയെ കുറിച്ച് വിശദീകരിക്കുന്ന ഐപിസി 336-ാം വകുപ്പ് പുതിയ ബിഎന്‍എസ് 125-ാം വകുപ്പായി മാറി. സമാനമായ ഐപിസി 337, 338 വകുപ്പുകള്‍ ബിഎന്‍സ് 125 എ, ബി വകുപ്പുകളായി.
അന്യായമായ തടഞ്ഞു നിര്‍ത്തലിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന ഐപിസി 341, ബിഎന്‍എസ് സെക്ഷന്‍ 126 ആയി. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍ കുറ്റവുമായി ബന്ധപ്പെട്ട ഐപിസി സെക്ഷന്‍ 353 ബിഎന്‍എസ് സെക്ഷന്‍ 132, 121 വകുപ്പുകളായി.
സ്ത്രീയുടെ അന്തസ് കളങ്കപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ അവര്‍ക്ക് നേരെ ബലപ്രയോഗം നടത്തുന്നതും പീഡിപ്പിക്കുന്നതും കൈകാര്യം ചെയ്യുന്ന ഐപിസി സെക്ഷന്‍ 354 ബിഎന്‍എസ് സെക്ഷന്‍ 74 ആയി.
സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനം, വിവസ്ത്രയാക്കല്‍, നഗ്നയാക്കല്‍, അവരുടെ ചിത്രം പകര്‍ത്തല്‍ എന്നിവ കൈകാര്യം ചെയ്യുന്ന ഐപിസി സെക്ഷന്‍ 354 (എ), 354 (ബി), 354 (സി), 354 (ഡി) എന്നിവ യഥാക്രമം ബിഎന്‍എസ് സെക്ഷന്‍ 75, 76, 77, 78 എന്നിങ്ങനെയായി മാറി.
തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട ഐപിസി സെക്ഷന്‍ 363 ബിഎന്‍എസ് സെക്ഷന്‍ 139 ആയി. ബലാത്സംഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ പരാമര്‍ശിക്കുന്ന ഐപിസി സെക്ഷന്‍ 376, ബിഎന്‍എസ് സെക്ഷന്‍ 64 ആയി. വിഷ പദാര്‍ഥങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഐപിസി 284 ഇപ്പോള്‍ ബിഎന്‍എസ് 286 ആണ്. അശ്രദ്ധമായി സ്ഫോടക വസ്‌തു കൈകാര്യം ചെയ്യലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി 286 ബിഎന്‍എസ് സെക്ഷന്‍ 288 ആണ്. 5000 രൂപ പിഴയാണ് ശിക്ഷ.
പൊതു ശല്യത്തിനുള്ള ശിക്ഷയെക്കുറിച്ച് വിവരിക്കുന്ന ഐപിസി 290-ാം വകുപ്പ് ബിഎന്‍എസില്‍ 292-ാം വകുപ്പാണ്. 1000 രൂപ പിഴയാണ് ശിക്ഷ. പൊതു സ്ഥലത്തെ അശ്ലീല പ്രവൃത്തിയും പ്രകടനങ്ങളും കുറ്റകരമാക്കുന്ന ഐപിസി 290, 296 വകുപ്പുകള്‍ ബിഎന്‍എസില്‍ 296-ാം വകുപ്പാണ്.
കവര്‍ച്ച കേസുകള്‍ കൈകാര്യം ചെയ്യുന്ന ഐപിസി 392-ാം വകുപ്പ് ബിഎന്‍എസി ല്‍ 309-ാം വകുപ്പായി. മോഷണ മുതല്‍ വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ കൈകാര്യം ചെയ്‌തുപോന്നിരുന്ന ഐപിസി 411, ബിഎന്‍എസില്‍ 317-ാം വകുപ്പാണ്.
വഞ്ചനയിലൂടെ സ്വത്തോ വസ്‌തുവകകളോ തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട ഐപിസി 420-ാം വകുപ്പ് ബിഎന്‍എസില്‍ 318 ആയി മാറി. കൊല ചെയ്തോ അപായപ്പെടുത്തിയോ മോഷണം നടത്താന്‍ ശ്രമിക്കുന്നതായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐപിസി 382-ാം വകുപ്പ് ബിഎന്‍എസില്‍ 304-ാം വകുപ്പാണ്.
ക്രിമിനല്‍ അതിക്രമവുമായി ബന്ധപ്പെട്ട ഐപിസി 447 വകുപ്പ് ബിഎന്‍എസില്‍ 330 ആണ്. ഐപിസിയിലെ സമാനമായ 442, 445 വകുപ്പുകളും ബിഎന്‍എസില്‍ മുന്നൂറ്റി മുപ്പതാം വകുപ്പാണ്. ഇതിന് സമാനമായ ഐപിസി 447-ാം വകുപ്പ് ബിഎന്‍എസില്‍ 329 (3) ആയും ഐപിസി 448, ബിഎന്‍എസില്‍ 329 (4) വകുപ്പായും മാറി.
ഭവന ഭേദനവുമായി ബന്ധപ്പെട്ട കേസുകളാണ് ഐപിസി 448-ന്‍റെ പരിധിയില്‍ വരുന്നത്. ഇത് ഭാരതീയ ന്യായ സംഹിതയില്‍ വകുപ്പ് 331 ആണ്. ഒരു വിവാഹ ബന്ധം നിലനില്‍ക്കേ മറ്റൊരു പുരുഷനെയോ സ്ത്രീയേയോ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതാണ് ഐപിസിയിലെ 494 വകുപ്പ്. ഇത് ബിഎന്‍എസില്‍ 82-ാം വകുപ്പാണ്.
അപകീര്‍ത്തി കേസുകള്‍ കൈകാര്യം ചെയ്യുന്ന ഐപിസി 499, ബിഎന്‍എസില്‍ സെക്ഷന്‍ 356 ആയി. ഭര്‍ത്താവില്‍ നിന്നോ ഭര്‍തൃ വീട്ടുകാരില്‍ നിന്നോ ഉണ്ടാകുന്ന ക്രൂരതകള്‍ കൈകാര്യം ചെയ്യുന്ന വകുപ്പായിരുന്നു ഐപിസി 498 എ. ഭാരതീയ ന്യായ സംഹിതയില്‍ ഇത് 85-ാം വകുപ്പായി തീര്‍ത്തിരിക്കുന്നു.
ഭീഷണിപ്പെടുത്തല്‍ കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐപിസി 506 ബിഎന്‍സില്‍ 351 ആയി. [സ്ത്രീത്വത്തെ അപമാനിക്കൽ- ഐപിസി 509] വാക്കു കൊണ്ടോ നോക്കു കൊണ്ടോ ആംഗ്യം കൊണ്ടോ സ്ത്രീകളെ അപമാനിക്കുകയോ അന്തസിന് മാനക്കേടുണ്ടാക്കുകയോ ചെയ്യുന്ന തരത്തില്‍ പെരുമാറുന്നത് തടയാന്‍ ഐപിസിയില്‍ ഉണ്ടായിരുന്ന നിയമമാണ് സെക്ഷന്‍ 509. ഭാരതീയ ന്യായ സംഹിതയില്‍ ഇതേ വകുപ്പുണ്ട്, പക്ഷേ സെക്ഷന്‍ 79 ആണെന്ന് മാത്രം.