തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം. മൂന്ന് വീതം ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ചെറിയ സമയത്തിനുള്ളില്‍ വലിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിതീവ്രമായി പെയ്യുന്ന മഴ മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്‌ടിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ മഴ പെയ്‌താല്‍ നഗരപ്രദേശങ്ങളിലും പൊതുവെ താഴ്‌ന്ന ഇടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. മഴ തുടര്‍ന്നാല്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്: ശബരിമല തീര്‍ഥാടകരും പൊതുജനങ്ങളും പമ്പ ത്രിവേണി ഒഴികെയുള്ള സ്ഥലങ്ങളിലെ നദികളില്‍ ഇറങ്ങുന്നതും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ചതായി പത്തനംതിട്ട ജില്ല കലക്‌ടര്‍ എസ് പ്രേംകൃഷ്‌ണന്‍ അറിയിച്ചു. പമ്പ ത്രിവേണിയില്‍ തീര്‍ഥാടകര്‍ നദികളില്‍ ഇറങ്ങുന്നതും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതും നിരോധിക്കുന്നത് സംബന്ധിച്ച് സ്ഥിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുന്നതിന് ശബരിമല എഡിഎംനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രിയാത്ര ജാഗ്രതയോടെ വേണമെന്ന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
ജില്ലയില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്‌ടര്‍ എസ് പ്രേംകൃഷ്‌ണന്‍ അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത മേഖലകളില്‍ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവശ്യസ്ഥലങ്ങളില്‍ മൈക്കിലൂടെ വിവരം കൈമാറണം. ആളുകളെ സ്ഥിതിഗതി വിലയിരുത്തി മാറ്റിപാര്‍പ്പിക്കണം.
കോന്നി, റാന്നി, അടൂര്‍, കോഴഞ്ചേരി താലൂക്കുകളിലായി 44 ക്യാമ്പുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡിസംബര്‍ 18 വരെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനം, മലയോരത്ത് മണ്ണ് വെട്ടിമാറ്റല്‍, ആഴത്തിലുള്ള കുഴിക്കല്‍, മണ്ണുമാറ്റല്‍ എന്നിവയും നിരോധിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.
ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ നിരോധിച്ചു. തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായി കുട്ടവഞ്ചി, കയാക്കിങ്, ബോട്ടിങ് ട്രക്കിങ് എന്നിവയും നിരോധിച്ചു. 18വരെയാണ് നിരോധനം പ്രാബല്യത്തിലെന്ന് ജില്ലാ കലക്‌ടര്‍ വ്യക്തമാക്കി.
Also Read : കാനനപാത വഴി ശബരിമല ദർശനം; തീർഥാടകർ സമയക്രമം പാലിക്കണമെന്ന് വനം വകുപ്പ്