ഇടുക്കി: ഉപ്പുതറ (Upputhara) കൊച്ചുകരുന്തരുവിയിൽ കൈതപതാൽ ആറ്റിൽ അതിഥി തൊഴിലാളികൾ വിഷാംശമുള്ള രാസവസ്‌തു കലക്കി മീൻ പിടിച്ചതായി പരാതി. ഇതോടെ ആറ്റിലെ ചെറുതും വലുതുമായ മീനുകൾ ചത്തുപൊങ്ങി. വിഷയത്തിൽ പൊലീസ് ഇടപെട്ടെങ്കിലും അതിഥി തൊഴിലാളികൾക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചെന്നാണ് പ്രദേശവാസികളുടെ ആരോപണം.
ഇന്നലെ വൈകുന്നേരമാണ് സ്വകാര്യ തേയില തോട്ടത്തിൽ ജോലിക്ക് എത്തിയ അതിഥി തൊഴിലാളികൾ കൊച്ചുകരുന്ദരുവി ഭാഗത്തെ കൈതപതാൽ ആറ്റിൽ വിഷാംശമുള്ള രാസവസ്‌തു കലക്കി മീൻ പിടിച്ചത്. വിഷം കലക്കിയതോടെ ആറ്റിലെ ജലത്തിന് നിറവ്യത്യാസം ഉണ്ടാകുകയും മലിനമാവുകയും ചെയ്‌തു. ഒപ്പം ചെറുതും വലുതുമായ മീനുകൾ ചത്തതോടെ വലിയതോതിൽ ദുർഗന്ധവും വമിക്കാൻ തുടങ്ങി.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ സ്ഥലത്തെത്തി വിഷം കലക്കുന്നത് വിലക്കി. എന്നാൽ, അതിഥി തൊഴിലാളികൾ പ്രദേശവാസികളോട് കയർക്കുന്ന സ്ഥിതിയുണ്ടായതോടെ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന്, വാഗമൺ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അതിഥി തൊഴിലാളികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന സമീപനമാണ് ഉണ്ടായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
നിരവധി ആളുകളാണ് നിത്യോപയോഗത്തിനായി ആറ്റിലെ വെള്ളത്തെ ആശ്രയിക്കുന്നത്. സംഭവത്തിന് ശേഷം ആറ്റിൽ കുളിച്ച ചിലർക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടു എന്നും പ്രദേശവാസികൾ പറയുന്നു. മുൻപും സമാനരീതിയിൽ ഇവിടെ വിഷം കലക്കി മീൻ പിടിച്ചിട്ടുണ്ട്, അന്ന് വലിയതോതിൽ ആറ് മലിനമാവുകയും പ്രതിസന്ധി നേരിടുകയും ചെയ്‌തിരുന്നു.
തോട്ടിലേക്കുള്ള മാലിന്യം തള്ളലിന് പുറമെയാണ് ഇത്തരത്തിലുള്ള പ്രവണതയും. വേനലിന്‍റെ തുടക്കത്തിൽ തന്നെ ജലസ്രോതസ്സുകൾ വറ്റുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ സമയത്ത് ഇത്തരത്തിലെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ മൂലം വലിയ പ്രത്യാഖ്യാതമാണ് ഉണ്ടാകുന്നത്. ബന്ധപ്പെട്ട അധികൃതർ ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ അമർച്ച ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.